പഞ്ചാബിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപി യിലേക്ക്. മോഗയിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ ഹർജോത് കമൽ സിംഗ് ആണ് ഇന്നലെ ബിജെപിയിൽചേർന്നത് . പാർട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം മറ്റ് പ്രവർത്തകരോടൊപ്പം പാർട്ടിയിൽ ചേർന്നത്. മുൻ എം എൽ എ അജിത് സിംഗ് ശാന്ത്, പ്രദേശ് കോൺഗ്രസ് വക്താവ് ഗുർപാൽ സിംഗ് ഗോൾഡി, കമൽജിത് സിംഗ് പട്യാല എന്നീ കോൺഗ്രസ് നേതാക്കളും ഇന്നലെ ബിജെപിയിൽ ചേർന്നു. ഹർജോത് കമൽ മോഗയിൽ നിന്നു തന്നെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനാണ് സാധ്യത.
അഭിപ്രായ സർവ്വേകളിൽ മുന്നിലെത്തുമെന്ന് പ്രവചിക്കപ്പെട്ട ആം ആദ്മി പാർട്ടിയിലും ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണെന്ന് ബിജെപി വിലയിരുത്തുന്നു. കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ അധികാരം നിലനിർത്താമെന്ന് മോഹിച്ചിരുന്ന കോൺഗ്രസിന് അവരുടെ മുഖ്യമന്ത്രിയെ തന്നെ നഷ്ടമായ സാഹചര്യമാണ്. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് കോൺഗ്രസ് മുഖ്യമന്ത്രി യും സംസ്ഥാനത്തെ ശക്തനായ നേതാവുമായ അമരീന്ദർ സിംഗ് നേരത്തെ പാർട്ടി വിട്ടിരുന്നു.

