Saturday, April 27, 2024
spot_img

മോസ്‌കോ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് ഭീകരവാദികളെന്ന് പുടിൻ; ആക്രമണത്തിൽ യുക്രെയ്‌ന് ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നും ആരോപണം

മോസ്‌കോ: റഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് ഭീകരവാദികളെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ആക്രമണവുമായി ബന്ധപ്പെട്ട് നിലവിൽ 11 പേരാണ് കസ്റ്റഡിയിലുള്ളത്. 139 പേരാണ് ഇതുവരെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 97 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അധികൃതർ പറയുന്നു. ക്രോക്കസ് സിറ്റി ഹാളിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികൾ സംഗീതനിശയിൽ പങ്കെടുത്ത ആളുകൾക്ക് നേരെ വെടിയുതിർക്കുകയും സ്‌ഫോടന വസ്തുക്കൾ എറിയുകയുമായിരുന്നു.

ആക്രമണം നടത്തിയത് ഇസ്ലാമിക തീവ്രവാദികളാണെന്ന വിവരം ഒരു ടെലിവിഷൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് പുടിൻ പറയുന്നത്. മുസ്ലീങ്ങൾ പോലും എതിർക്കുന്ന തീവ്ര നിലപാടുള്ള ഇസ്ലാമിസ്റ്റുകളാണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്ന് തങ്ങൾക്കറിയാമെന്നാണ് പുടിൻ പറഞ്ഞത്. അതേസമയം ആക്രമണത്തിൽ യുക്രെയ്‌ന് പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പുടിൻ.

അക്രമികൾ എന്തിനാണ് റഷ്യയിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ചതെന്നത് ഉൾപ്പെടെ നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കാനുണ്ടെന്നാണ് പുടിൻ പറഞ്ഞത്. ‘ചില ചോദ്യങ്ങളുടെ ഉത്തരം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ആക്രമണം നടത്തിയതിന് ശേഷം ഭീകരർ എന്തിനാണ് യുക്രെയ്‌നിലേക്ക് പോകാൻ ശ്രമിച്ചത്. ആരാണ് അവരെ സംരക്ഷിക്കാനായി അവിടെ ഉണ്ടായിരുന്നത്? 2014 മുതൽ റഷ്യയുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഒരു കണ്ണിയായിരിക്കാം ഇക്കൂട്ടരെന്നും’ പുടിൻ പറയുന്നു.

Related Articles

Latest Articles