Saturday, April 27, 2024
spot_img

പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ നാവിക സേനാ താവളത്തിൽ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി; നാല് ഭീകരരെ വധിച്ചെന്ന് പാക് സുരക്ഷാ സേന

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നാവിക സേനാ താവളത്തിൽ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (ബിഎൽഎ) മജീദ് ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഓട്ടോമാറ്റിക് ആയുധങ്ങളും ഗ്രനേഡുകളുമായെത്തിയ ഭീകരർ ബലൂചിസ്ഥാനിലെ തുർബത്തിലെ പിഎൻഎസ് സിദ്ദിഖി നേവൽ ബേസാണ് ആക്രമിച്ചത്. നാല് ഭീകരരെ വധിച്ചതായും പാക് സുരക്ഷാ സേന അറിയിച്ചു.

ഏറ്റുമുട്ടലിൽ പാക് സുരക്ഷാ സേനയ്‌ക്ക് ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഭീകരർ കൊല്ലപ്പെട്ടതിനെ തുടർന്ന് സുരക്ഷാ സേന പ്രദേശം വളയുകയും പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. നാവിക താവളത്തിൽ ചൈനീസ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിൽ ആറ് ഭീകരർ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽ നാല് പേർ കൊല്ലപ്പെടുകയും രണ്ട് പേർ രക്ഷപ്പെടുകയും ചെയ്തുവെന്നാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

ചൈന-പാക് സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിക്ക് പ്രധാനമായ ഗ്വാദർ തുറമുഖത്താണ് പി സിദ്ദിഖി നാവിക വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ബലൂചിസ്ഥാനിലെ ചൈനയുടെ നിക്ഷേപത്തെ മജീദ് ബ്രിഗേഡ് എതിർക്കുന്നു. ചൈനയും പാകിസ്ഥാനും മേഖലയിലെ വിഭവങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് അവർ വാദിക്കുന്നുണ്ട്. മജീദ് ബ്രിഗേഡ് ഈ ആഴ്ച നടത്തുന്ന രണ്ടാമത്തെ ആക്രമണവും ഈ വർഷം നടത്തുന്ന മൂന്നാമത്തെ ആക്രമണവുമാണിത്.

Related Articles

Latest Articles