കശ്മീമിരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഖത്തര്‍. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുംബങ്ങള്‍ക്കും അനുശോചനമറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്നും അമീര്‍ ആശംസിച്ചു.

ഭീകരാക്രമണത്തിന് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും പാടില്ലെന്നും, എന്ത് കാരണങ്ങളുടെ പുറത്തായാലും ഭീകരതക്കെതിരായി നിലകൊള്ളുന്ന രാജ്യമാണ് തങ്ങളുടേതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

പുല്‍വാമയിലുണ്ടായ ഭീകരാക്രണത്തെ സൗദി കഴിഞ്ഞ ദിവസം ശക്തമായി അപലപിക്കുകയും ഇതിന്ന് പിന്നാലെ പാക്കിസ്ഥാന്‍ സന്ദര്‍ശനം നടത്താനിരുന്ന സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശനം നീട്ടിവെക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം പാക്കിസ്ഥാനില്‍ എത്തേണ്ടതായിരുന്നു. പിന്നീട് അത് ഒരു ദിവസത്തേക്കു കൂടി നീട്ടി ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.