Thursday, May 2, 2024
spot_img

ലോകകപ്പിനായി ഖത്തർ ഒരുങ്ങിയത് ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവൻ കൊടുത്ത്; ടൂർണമെന്റിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മരിച്ചു വീണത് ആറായിരത്തോളം തൊഴിലാളികൾ: മരണമടഞ്ഞവരിൽ ഇന്ത്യക്കാരും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഖത്തർ : ഖത്തര്‍ ലോകകപ്പിന് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തൊഴിലാളി മരിച്ച സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ‘മരണം ജീവിതത്തിലെ സ്വഭാവികമായ ഭാഗമാണെന്നും അത് ജോലിസ്ഥലത്തായാലും ഉറക്കത്തിലായാലും സംഭവിക്കുമെന്നും’മറുപടി പറഞ്ഞ ഫിഫ ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് നാസര്‍ അല്‍-ഖാതറിന്റെ വാക്കുകൾ വിവാദമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നു.

ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചത് മുതല്‍ നിര്‍ബന്ധിത തൊഴില്‍, ചൂടുള്ള കാലാവസ്ഥയില്‍ ദീര്‍ഘനേരം ജോലി ചെയ്യേണ്ടി വരിക, വേതനം ലഭിക്കാതെ ഇരിക്കുക തുടങ്ങിയ പീഡനങ്ങള്‍ ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് അനുഭവിക്കേണ്ടതായി വന്നുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇതിന് പുറമെ, ഖത്തറില്‍ നിരവധി തൊഴിലാളികള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തത് അനുസരിച്ച്, 2011 നും 2020 നും ഇടയില്‍ 5,927 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ഖത്തറിലെ പാകിസ്ഥാന്‍ എംബസിയില്‍ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2010 നും 2020 നും ഇടയില്‍ 824 പാകിസ്ഥാന്‍ തൊഴിലാളികള്‍ കൂടി മരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു

ഖത്തറിന് ലോകകപ്പ് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചത് മുതല്‍ 6,500ഓളം ദക്ഷിണേഷ്യന്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇതില്‍ ഭൂരിഭാഗവും.ഇതില്‍ ഫിലിപ്പീന്‍സ്, കെനിയ രാജ്യക്കാരെയും 2020 അവസാന മാസങ്ങളില്‍ ഉണ്ടായ മരണങ്ങളും ഉള്‍പ്പെടുത്താത്തതിനാല്‍ മരണനിരക്ക് ഇനിയും ഉയരും.

ലോകകപ്പിന് മുമ്പ്, ഇംഗ്ലണ്ടും ജര്‍മ്മനിയും ഉള്‍പ്പെടെയുള്ള പത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ലോക ഭരണ സമിതി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് കത്ത് എഴുതിയിരുന്നു. തുടർന്ന് ഈ മാസമാദ്യം, 11 യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുകളുടെ ഒരു സംഘം ഫിഫ അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും, കുടിയേറ്റ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ദോഹയില്‍ ഒരു സ്ഥിരം ഐഎല്‍ഒ ഓഫീസ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ വര്‍ഷത്തെ ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനിടെ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്ത ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു.

ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 440 മില്യണ്‍ ഡോളര്‍ ഫിഫ നീക്കിവയ്ക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും മറ്റ് അവകാശ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.ആംനസ്റ്റിയുടെ നിര്‍ദ്ദേശം അവലോകനം ചെയ്യുകയാണെന്നും ഇതില്‍ വേണ്ട നടപടി സ്വീകരിക്കുമെന്നുമാണ് ഫിഫ പ്രതികരിച്ചത്. നിരവധി തൊഴിലാളികള്‍ക്ക് ഇതിനകം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും ഫിഫ പറഞ്ഞു.

ലോകകപ്പിനിടെ നെതര്‍ലന്‍ഡ്സ് ടീം ധരിച്ചിരുന്ന ഷര്‍ട്ടുകള്‍ ലേലം ചെയ്യുകയും ഇതിലൂടെ ലഭിക്കുന്ന തുക ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ ആവശ്യത്തിനായി ചെലവഴിക്കുമെന്ന് ഡച്ച് ഫുട്ബോള്‍ അസോസിയേഷന്‍ (കെഎന്‍വിബി) അറിയിച്ചു.

Related Articles

Latest Articles