Monday, April 29, 2024
spot_img

നാവികസേനയിൽ മലയാളിക്കരുത്ത്; സേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി ആർ ഹരികുമാർ ഇന്ന് ചുമതലയേൽക്കും

ദില്ലി: നാവികസേനയെ ഇനി നയിക്കുന്നത് മലയാളിക്കരുത്ത്. സേനാമേധാവിയായി വൈസ് അഡ്മിറൽ ആർ. ഹരികുമാർ (R Harikumar) ഇന്ന് ചുമതലയേൽക്കും. അഡ്മിറൽ കരംബിർ സിംഗ് വിരമിക്കുന്ന സാഹചര്യത്തിലാണ് മലയാളിയായ ഹരികുമാറിനെ നിയമിച്ചത്. ഇന്ന് രാവിലെ 8. 35ന് പ്രതിരോധമന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ നാവിക സേനയുടെ ചുമതല ഹരികുമാർ ഏറ്റെടുക്കും. 2024 ഏപ്രിൽ വരെയാകും കാലാവധി.
നാവികസേനയിൽ കഴിഞ്ഞ 39 വർഷമായി സേവനമനുഷ്ഠിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ.

1983ലാണ് നാവികസേനയിലേക്ക് എത്തുന്നത്. പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. നിലവിൽ പശ്ചിമഘട്ട നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമ്മാൻഡിങ് ഇൻ ചീഫാണ് ഹരികുമാർ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ചുമതലയേറ്റത്. ഐഎൻഎസ് നിശാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് വിരാട് എന്നീ നാവികസേന കപ്പലുകളുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്. തന്റെ കഠിനാധ്വാനവും പ്രൊഫഷണലിസവുമാണ് നേട്ടത്തിന് കാരണമെന്ന് ഹരികുമാർ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. സമുദ്രത്തിലെ സമാധാനം വലിയ ഉത്തരവാദിത്വമാണ്. വ്യാപാര മേഖല ഈ സമാധാന ക്രമം ആശ്രയിച്ചാണ് നിലനിൽക്കുന്നത്.

പാകിസ്ഥാനൊപ്പം ചൈനയും ഇപ്പോൾ സമാധാന അന്തരീക്ഷത്തിന് ഭീഷണി ഉയർ‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം കൂടി വരുന്നുണ്ട്. ഇതിനെ നേരിടാൻ തയ്യാറെടുപ്പുകൾ ആവശ്യമാണ്. തദ്ദേശീയമായി നിർമ്മിക്കുന്ന കപ്പലുകളുടെ എണ്ണം കൂട്ടും, കപ്പലുകളും മുങ്ങിക്കപ്പലുകളുമായി 40 എണ്ണം നിർമ്മാണത്തിലിരിക്കുകയാണ് ഇപ്പോൾ തന്നെ. 2035 വരെയുള്ള പ്ലാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles