ദില്ലി : റഫാല്‍ ഇടപാടിലെ പുനഃപരിശോധനാ ഹര്‍ജികൾ പരിഗണിച്ച ശേഷം വിധി പറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമേ ഇനി വിധിയുണ്ടാവൂ. വാദങ്ങൾ എഴുതി നൽകാൻ കക്ഷികൾക്ക് കോടതി രണ്ടാഴ്ചത്തെ സമയം നൽകി.
റാഫേൽ ഇടപാടിൽ കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് എന്നിവര്‍ പുനഃപരിശോധനാ ഹര്‍ജികൾ നൽകിയത് .
ആദ്യം വാദിച്ച പ്രശാന്ത് ഭൂഷൻ ക്ലീന്‍ ചിറ്റ് നല്കിയ വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി.
കരാര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എഫ് ഐ ആര് ഇട്ട് അന്വേഷിക്കണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി .
എന്നാൽ പിന്നാലെ വാദിച്ച അറ്റോർജി ജനറൽ കെ.കെ. വേണുഗോപാൽ ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങളെയെല്ലാം നിഷേധിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന നിലപാടാണ് എ ജി സ്വീകരിച്ചത്. എജിയുടെ മറുപടിയോടെ പുനഃപരിശോധനാ ഹർജികളിലെ വാദം അവസാനിച്ചു.

