Sunday, September 20, 2026

“നടൻ സുശാന്തിന്റെ മരണം വിശദമായി അന്വേഷിക്കണം” ആവശ്യവുമായി ശിവസേന ആദിത്യ താക്കറെ വിഭാഗത്തിൽ നിന്ന് ഷിൻഡെ വിഭാഗത്തിലെത്തിയ രാഹുൽ കനാൽ

മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെയും അദ്ദേഹത്തിന്റെ മാനേജർ ദിഷ സാലിയന്റെയും മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന ആദിത്യ താക്കറെ വിഭാഗത്തിൽ നിന്ന് ഷിൻഡെ വിഭാഗത്തിലേക്ക് എത്തിയ രാഹുൽ കനാൽ.

ഇരുവരുടെയും മരണത്തിൽ രാഹുലിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം. മരണവുമായി ബന്ധപ്പെട്ട കേസുകൾ നിമിത്തമാണ് താൻ ഷിൻഡെ പക്ഷത്തേക്കു മാറിയതെന്ന ആരോപണം ഉയരാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി അദ്ദേഹം മുന്നോട്ടു വന്നത്.

‘‘ഈ കേസുകളിൽ എനിക്ക് എന്തെങ്കിലും പങ്കാളിത്തമുള്ളതായി തെളിഞ്ഞാൽ നിങ്ങൾക്കെന്നെ ചെരിപ്പൂരി അടിക്കാം. ഈ കേസുകളിൽ വിശദമായ അന്വേഷണം നടക്കണം. ഇതിനായി ഞാൻ എവിടെയും പോകാൻ തയാറാണ്. എനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാനും ഞാൻ തയാർ’ – രാഹുൽ പറഞ്ഞു.

അതേസമയം, സുശാന്ത് സിങ്ങിന്റെയും ദിഷയുടെയും മരണത്തിൽ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് ഏക്നാഥ് ഷിൻഡേ വ്യക്തമാക്കി. ദിഷ സാലിയന്റെ മരണത്തിൽ പോലീസ് ഇപ്പോഴും മൊഴി രേഖപ്പെടുത്തുകയാണ്. സുശാന്ത് സിങ് മരിച്ച് ഏതാനും ദിവസങ്ങൾക്കു ശേഷം മുംബൈ മലാഡിലെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടിയാണ് അദ്ദേഹത്തിന്റെ മാനേജരായിരുന്ന ഇരുപത്തെട്ടുകാരിയായ സാലിയൻ ജീവനൊടുക്കിയത്.

Related Articles

Latest Articles