ലണ്ടൻ : പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കളിച്ച കാലത്തെ അനുഭവങ്ങൾ പങ്കുവച്ച് വിരമിച്ച വെയിൽസ് സൂപ്പർ താരം ഗാരെത് ബെയ്ൽ. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ ഇരുവരും സഹതാരങ്ങളായിരുന്നു. റൊണാൾഡോ ഒരു നല്ല വ്യക്തിയാണെന്നും, പക്ഷേ ഗോളടിക്കാൻ സാധിച്ചില്ലെങ്കിൽ ദേഷ്യം വരുമെന്നും ഒരു കായിക മാദ്ധ്യമത്തിന് ബെയ്ൽ അനുവദിച്ച അഭിമുഖത്തിനിടെ വെളിപ്പെടുത്തി.
‘‘നമ്മൾ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു ജയിച്ചു നിൽക്കുകയാണെങ്കിലും, ഗോളടിക്കാൻ സാധിച്ചില്ലെങ്കിൽ റൊണാൾഡോ ദേഷ്യം കൊണ്ട് ബൂട്ട് വലിച്ചെറിയും. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല.’’– ഗരെത് ബെയ്ൽ വ്യക്തമാക്കി. റയൽ മഡ്രിഡിനായി 438 മത്സരങ്ങൾ കളിച്ചിട്ടുള്ള റൊണാള്ഡോ 450 ഗോളുകളാണ് ക്ലബിനായി സ്കോർ ചെയ്തത്.
റൊണാൾഡോയും ഗരെത് ബെയ്ലും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. മുന്നേറ്റ നിരയിൽ കളിക്കുന്ന ബെയ്ലിന് റൊണാൾഡോ പ്രഭാവത്തെ തുടർന്ന് സൈഡ് ബെഞ്ചിലായിരുന്നു പലപ്പോഴും സ്ഥാനം. ഈ വർഷമാണ് 33 വയസ്സുകാരനായ ബെയ്ൽ ഫുട്ബോളിന്റെ എല്ലാ മേഖലകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

