മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ രാജസ്ഥാൻ റോയൽസിന് ഇന്ന് വിജയം അനിവാര്യമാണ്.
ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ രാജസ്ഥാന് പഞ്ചാബ് കിംഗ്‌സിനെ മറികടന്ന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാം. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ. എന്നാൽ 14 മത്സരങ്ങളും പൂർത്തിയാക്കിയ പഞ്ചാബ് കിംഗ്സ് 15 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്. മറുഭാഗത്ത് മുംബൈ ഇന്ത്യൻസ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായതാണ്. 13 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള മുംബൈ ഒമ്പതാം സ്ഥാനത്താണ്.
പ്ലേ ഓഫിന് തൊട്ടരികെ എത്തിയിട്ടും തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടതാണ് രാജസ്ഥാൻ റോയൽസിന് തിരിച്ചടിയായത്. എങ്കിലും ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ 220 റൺസ് പിന്തുടർന്ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്നിറങ്ങുന്നത്. ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 579 റൺസ് അടിച്ചുകൂട്ടിയ മലയാളി യുവതാരം വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിലാണ് രാജസ്ഥാന്റെ പ്രധാന പ്രതീക്ഷ. വൈഭവിനൊപ്പം യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജൂറെൽ എന്നിവരും തിളങ്ങിയാൽ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാകും.
മറുഭാഗത്ത് ഈ സീസണിൽ കൃത്യമായൊരു പ്ലെയിങ് ഇലവനെ പോലും കണ്ടെത്താനാകാതെ പരുങ്ങുന്ന മുംബൈ ഇന്ത്യൻസിനെയാണ് കാണാൻ സാധിക്കുന്നത്. ഇതുവരെ 24 താരങ്ങളെയാണ് മുംബൈ മാറിമാറി പരീക്ഷിച്ചത്. രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്നിട്ടും ആർക്കും റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്താൻ കഴിഞ്ഞിട്ടില്ല. ബൗളിംഗിലും ആദ്യ പത്തിൽ ഒരു മുംബൈ താരം പോലുമില്ല. പൂർണ്ണമായും നിരാശപ്പെടുത്തിയ ഒരു സീസണിനൊടുവിൽ ആരാധകർക്ക് ഒരു ആശ്വാസ ജയം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാകും ഹാർദിക്കും സംഘവും ഇന്നിറങ്ങുക.
ഐപിഎൽ ചരിത്രത്തിൽ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയ 32 മത്സരങ്ങളിൽ 16 എണ്ണത്തിൽ മുംബൈയും 15 എണ്ണത്തിൽ രാജസ്ഥാനും വിജയിച്ചു. ഈ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം രാജസ്ഥാൻ റോയൽസിനൊപ്പമായിരുന്നു.
ഇരു ടീമുകളുടെയും പ്ലെയിങ് ഇലവൻ:
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഡോണോവൻ ഫെരേര, ശുഭം ദുബെ, ദസുൻ ഷനക, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, യാഷ് രാജ് പുഞ്ച, ബ്രിജേഷ് ശർമ്മ.
മുംബൈ ഇന്ത്യൻസ്: റയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പർ), നമൻ ധിർ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), വിൽ ജാക്ക്സ്, കോർബിൻ ബോഷ്, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, എഎം ഗസൻഫർ, രഘു ശർമ.

