Monday, April 29, 2024
spot_img

അദ്ധ്യാപകർക്ക് ഡിജിറ്റൽ മേഖലയിലും പ്രാവീണ്യവും നൈപുണ്യവും നേടുന്നതിനുള്ള പരിശീലനം നൽകണമെന്ന് രാജീവ് ചന്ദ്രശേഖർ; അഭിപ്രായപ്രകടനം മണ്ഡപത്തിൻകടവ് കവലയിൽ നടന്ന യുവസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവേ

തിരുവനന്തപുരം : അദ്ധ്യാപകർക്ക് ഡിജിറ്റൽ മേഖലയിലും പ്രാവീണ്യവും നൈപുണ്യവും നേടുന്നതിനുള്ള പരിശീലനം നൽകണമെന്നാഭിപ്രായപ്പെട്ട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. സമകാലീന കാലത്ത് ബി.എഡ്, എം.എഡ് ഡിഗ്രികൾ കൊണ്ട് മാത്രം ഒരു അദ്ധ്യാപകന് പൂർണ്ണതയുണ്ടാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡപത്തിൻകടവ് കവലയിൽ നടന്ന യുവസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഡിജിറ്റൽ സാങ്കേതിക വിദ്യയിലും അധ്യാപകർ നൈപുണ്യം നേടേണ്ടത് ആവശ്യമാണ്. അതിനായി അവസരങ്ങൾ ഒരുക്കണമെന്നും അത്തരം അവസരങ്ങൾ ഉണ്ടാക്കേണ്ടത് ജയിച്ചു വരുന്നവരുടെ ഉത്തരവാദിത്തമാണ്. തിരുവനന്തപുരത്ത് നിന്ന് ജയിച്ചാൽ തന്റെ പ്രാഥമിക പരിഗണനയിൽ യുവാക്കൾക്ക് വേണ്ടി തൊഴിൽ നൈപുണ്യ വികസന പദ്ധതികൾ ഉണ്ടാകും.” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

യുവസംഗമത്തിനെത്തിയ സ്ഥാനാർത്ഥിയെ നിറഞ്ഞ സദസ്സ് ആദരങ്ങളോടെ സ്വീകരിച്ചു. പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിൻ്റെ ആവശ്യകതയെപ്പറ്റിയായിരുന്നു വിദ്യാർത്ഥികളുടെ കാര്യമായ ചോദ്യങ്ങളെല്ലാം. സർഗാത്മകമായി വികസനത്തിൽ ഇടപെടുന്ന യുവജനങ്ങളുടെ പക്ഷമാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ കുമാർ, മണ്ഡലം പ്രസിഡൻ്റ് രാധാകൃഷ്ണൻ, കഴക്കൂട്ടം അനിൽ, വെങ്ങാനൂർ ഗോപൻ തുടങ്ങിയവർ യുവസംഗമത്തിൽ പങ്കെടുത്തു.

Related Articles

Latest Articles