ചെന്നൈ: കൊവിഡ് വ്യാപനമാണ് രജനീകാന്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിശ്ചലമാക്കിയതെന്ന് രജനീകാന്തിന്റെ സഹോദരൻ സത്യനാരായണ. കൊവിഡ് വ്യാപനം കുറഞ്ഞാൽ ജനുവരിയിൽ ആരാധകർക്ക് ശുഭവാർത്ത എത്തുമെന്നും സത്യനാരായണ പറഞ്ഞു. പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് രജനീകാന്തിന് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും സജീവ രാഷ്ട്രീയപ്രവർത്തനത്തിനായി താരം തയാറായിരുന്നുവെന്നും സഹോദരന്‍ വ്യക്തമാക്കി.
എന്നാല്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ലെന്ന റിപ്പോർട്ടുകളായിരുന്നു പുറത്തുവന്നു കൊണ്ടിരുന്നത്. അതേസമയം ആരോഗ്യനില ശ്രദ്ധിക്കണമെന്ന് ഡോക്ടർമാരുടെ നിർദേശമുണ്ടെന്ന് താരം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ഡിസംബർ വരെ കാത്തിരിക്കാൻ ആരാധകരോട് രജനീകാന്ത് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രം പാർട്ടി പ്രഖ്യാപനം നടത്തും. അതേസമയം രജനീകാന്ത് പിൻമാറിയേക്കുമെന്ന കത്തിന്റെ പകർപ്പ് താരത്തിന്റെ ഓഫീസിൽ നിന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ ചോർന്ന കത്ത് തന്റേതല്ലെന്നും ഇതിൽ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ ശരിയാണെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു. രജനീ മക്കൾ മണ്ഡ്രവുമായി കൂടിയാലോചിച്ച് ഉചിതമായ സമയം നിശ്ചയിക്കുമെന്നായിരുന്നു താരം അറിയിച്ചത്.

