പാട്‌ന: റഫാല്‍ കരാറിന്റെ പേരില്‍ പ്രധാനമന്ത്രിയെ ആക്രമിക്കുന്നവര്‍ക്ക് മറുപടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. മോദിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യരുതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തിരിയണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

സ്വന്തമായി മോദിക്ക് ആരുമില്ല, അതുകൊണ്ട് അഴിമതി നടത്തി സ്വത്ത് സമ്പാദിക്കേണ്ട കാര്യമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി പ്രകടന പത്രിക തയ്യാറാക്കാനായി സംഘടിപ്പിച്ച വിദഗ്ധരുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

‘ആര്‍ക്ക് വേണ്ടിയാണ് മോദി സ്വത്ത് സമ്പാദിക്കേണ്ടതെന്ന് വിമര്‍ശനമുന്നയിക്കുന്നവര്‍ പറയണം. ഭാര്യക്ക് വേണ്ടിയാണോ? കുട്ടികള്‍ക്ക് വേണ്ടിയോ? ആരാണ് ഉള്ളത്? പിന്നെ ആര്‍ക്കു വേണ്ടിയാണ്’ – രാജ്‌നാഥ് സിങ് ചോദിച്ചു. ഇക്കാര്യം തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും തനിക്ക് ഏറെ നാളായി മോദിയെ അറിയാമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

എത്രവേണമെങ്കിലും ആരോപണം ഉന്നയിക്കാമെന്നും, എന്നാല്‍ അതുകൊണ്ട് അദ്ദേഹത്തിന്റെ സത്യസന്ധതയെയും ലക്ഷ്യത്തെയും ചോദ്യം ചെയ്യാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സത്യം പറയണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. രാജ്‌നാഥ് സിംഗ് പറഞ്ഞു.