ഇന്ന് ഝാൻസി റാണി ജന്മദിനം (Rani of Jhansi). ഇന്ത്യൻ സ്ത്രീകളുടെ അടിമത്തമനോഭാവത്തിനു മേൽ പതിച്ച പ്രഹരമായിരുന്നു റാണി ലക്ഷ്മിഭായ്. ലോകമൊട്ടാകെ അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തോടു വിധേയപ്പെടാൻ ഭാരതത്തിലെ ഭരണാധികാരികൾ വഴങ്ങിയപ്പോൾ റാണി ലക്ഷ്മീഭായ് അതിനൊരുങ്ങിയില്ല.യുദ്ധഭൂമിയിലെ ആ മനോധൈര്യത്തിനു മുന്നിൽ ബ്രിട്ടീഷുകാർ പോലും പലപ്പോഴും പതറിപ്പോയി. റാണിയുടെ രക്തസാക്ഷിത്വം പാഴായിപ്പോയില്ലെന്ന് ഇന്ത്യാചരിത്രത്തിലെ ഏടുകൾ നമ്മോടു പറയുന്നു. ഝാൻസി റാണി എന്ന് കേൾക്കുമ്പോഴേ അറിയാതെ നമ്മുടെ രക്തം തിളക്കും. കാരണം ഭാരതത്തിന്റെ ധീര വനിത, നാടിന്റെ അഭിമാനം സംരക്ഷിക്കാൻ വെള്ളക്കാരോട് പടപൊരുതി അവസാനം വരെ യുദ്ധം ചെയ്തു വീര മൃത്യു വരിച്ച ഭാരതത്തിന്റെ വീരപുത്രിയായിരുന്നു.

ഝാൻസി റാണിയുടെ (Life Of Rani of Jhansi) യഥാർത്ഥ പേര് മണി കർണ്ണിക എന്നായിരുന്നു. മനു എന്നും വിളിച്ചിരുന്നു. വാരണാസിയിലെ ഒരു പൂജാരിയുടെ മകളായാണ് ജനിച്ചത്. പിതാവ് മോരോപാന്ത് താമ്പേ, അമ്മ ഭാഗീരഥിബായി. മണികർണ്ണികയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ ഭാഗീരഥിബായി മരണമടഞ്ഞു.കുട്ടിക്കാലത്ത് തന്നെ വേദ തന്ത്ര പഠനത്തിൽ അഗ്രഗണ്യ. പഠനത്തിൽ വളരെ മുമ്പിലായിരുന്നു മണികർണ്ണിക. കൂടാതെ ആയോധനകലകളിലും, കുതിരസവാരി എന്നിവയിലും മനുബായിക്ക് ഏറെ താൽപര്യമുണ്ടായിരുന്നു. അമ്മയില്ലാതെ വളർന്ന കുട്ടിയായതുകൊണ്ട് മനുബായിയുടെ എല്ലാ ആഗ്രഹങ്ങളും പിതാവ് മോരോപാന്ത് സാധിച്ചുകൊടുത്തിരുന്നു പിന്നീട് ഝാൻസിയിലെ യുവരാജാവായിരുന്ന ഗംഗാധർ റാവുമുമായി മണികർണ്ണികയുടെ വിവാഹം പതിനാലാം വയസ്സിൽ നടന്നു. റാണിയേക്കാൾ 19 വയസ്സ് പ്രായക്കൂടുതൽ ഉണ്ടായിരുന്നു ഗംഗാധർ റാവുവിന്. വിവാഹ ശേഷം ഝാൻസിയിലെ റാണിയായി മാറി ഝാൻസി റാണി എന്നറിയപ്പെട്ടു.റാണിയെ എല്ലാ കാര്യത്തിലും പരിശീലിപ്പിക്കാൻ ഗംഗാധർ റാവു പ്രത്യേകം അധ്യാപകരെ നിയമിച്ചു .. സംസ്കൃത പഠനവും, നാട്യം ആയോധന കല, യുദ്ധ മുറകൾ, സംഗീതം പാചകം പൂജാ വിധികൾ എല്ലാത്തിലും റാണി പ്രാഗത്ഭ്യമുള്ളവളായി അതിനു ശേഷം 1851-ൽ ഒരു മകൻ ജനിച്ചുവെങ്കിലും നാലു മാസത്തിനുള്ളിൽ മരണമടഞ്ഞു. ഇതോടെ ഗംഗാധർ റാവു മാനസ്സികമായി തളരുകയും പിന്നീട് ശയ്യാവലംബൻ ആകുകയും ചെയ്തു.ഇതിനുശേഷം ഗംഗാധർ റാവുവും ലക്ഷ്മീബായിയും ദാമോദർ റാവു എന്ന ബാലനെ മകനായി ദത്തെടുത്തു. ബ്രിട്ടീഷ് ഭരണം വേരുറപ്പിച്ചു, പുതിയ ഗവന്മേന്റ്റ് നിയമങ്ങളോടെയുള്ള ദത്തെടുക്കൽ നിയമപ്രകാരം എടുക്കാൻ വളരെയധികം ബുദ്ധിമുട്ടി.പിന്നീട് രാജാവ് ബ്രിട്ടീഷുകാരോട് ഒരുപാട് അഭ്യർത്ഥിച്ച് ദാമോദർ റാവു എന്ന ബാലനെ മകനായി ദത്തെടുത്തു.
1853-ൽ ഗംഗാധർ റാവു അന്തരിച്ചു. എന്നാൽ ഝാൻസിയെ തങ്ങളുടെ കീഴിലേക്കു കൊണ്ടുവരാനുള്ള തന്ത്രം ബ്രിട്ടൻ നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു. മരണാനന്തര ചടങ്ങുകൾക്കു ശേഷം, ഒട്ടും പ്രതീക്ഷിക്കാതെ ബ്രിട്ടീഷ് സർക്കാരിന്‍റെ പ്രതിനിധിയായ ജനറൽ എല്ലീസ് കൊട്ടാരത്തിലെത്തി ഖജനാവ് ഉൾപ്പടെയുള്ള സ്ഥാവരജംഗമവസ്തുക്കൾ സുരക്ഷിതമായി അടച്ചുപൂട്ടി മുദ്രവച്ചു. ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടെങ്കിലും റാണീ ലക്ഷ്മീബായി വരാൻ പോകുന്ന അപകടത്തെക്കുറിച്ച് ഒട്ടും തന്നെ ചിന്തിച്ചിരുന്നില്ല.

ദാമോദർ റാവു രാജാവിന്‍റെ യഥാർത്ഥ പുത്രനല്ലാതിരുന്നതിനാൽ ഡൽഹൗസി പ്രഭു”ഡോക്ട്രിൻ ഓഫ് ലാപ്സ് “എന്ന അധികാരം ഉപയോഗിച്ച് ഝാൻസിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തു. 1854 മാർച്ചിൽ ബ്രിട്ടീഷുകാർ അറുപതിനായിരം രൂപയുടെ പെൻഷൻ നൽകി രാജ്ഞിയോട് കൊട്ടാരം വിട്ടുപോകാനാവശ്യപ്പെട്ടു. മാത്രവുമല്ല, കൊട്ടാരത്തിൽ നിന്നുള്ള ആനുകൂല്യങ്ങളെല്ലാം ക്ഷേത്രങ്ങളിൽ നിർത്തലാക്കി. ദൈനം ദിന പൂജകൾക്ക് ക്ഷേത്രങ്ങൾ തുറന്നു പൂജ നടത്താൻ പോലും സാഹചര്യമില്ലാതാവുകയും,ക്ഷേത്ര പരിസരത്തെ മാർക്കറ്റിൽ ഗോമാംസം വിൽപന ചെയ്യുകയും ചെയ്തു. ഇതൊക്കെ റാണിയെ ചൊടിപ്പിച്ചു. ക്ഷേത്രത്തെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന സന്യാസിമാർ, പൂജാരികൾ, ബ്രാഹ്മണർ ഇവർക്കെല്ലാം വേണ്ടി ഒരു തുക കൊട്ടാരത്തിൽ നിന്നു കൊടുത്തിരുന്നതും നിർത്തലാക്കി.ഒടുവിൽ കമ്പനി ഭരണത്തിനെതിരെ വാദിക്കാൻ ഒരു ബ്രിട്ടീഷ് അറ്റോർണിയുടെ സഹായം തേടി.
അവസാനം ചെറിയൊരു പെൻഷനും കൊട്ടാരത്തിൽ താമസിക്കാനുള്ള അനുവാദവും രാജ്ഞിക്ക് നൽകപ്പെട്ടു.റാണിക്ക് ബ്രിട്ടീഷുകാർ,രാജാവിന്റെ ഒരു സ്വത്തിലും അധീകാരം കൽപിച്ചു കൊടുത്തില്ല. മകന്റെ ഉപനയനത്തിനു എല്ലാ നാട്ടുരാജാക്കന്മാരെയും വിളിച്ചു ആഘോഷമായി ചടങ്ങ് നടത്താനും വരുന്ന അതിഥി കലക്ക് വേണ്ട ഉപചാരങ്ങളും സമ്മാനങ്ങളും കൊടുക്കാൻ റാണി കുറച്ചു പണം കടമായി ആവശ്യപ്പെട്ടെങ്കിലും റാണിക്ക് അതും നൽകിയില്ല. റാണി പിന്നീട് പണം കടം നൽകുന്ന പ്രമാണിമാരോട് വാങ്ങി ചടങ്ങ് നടത്തി.
റാണിയുടെ ആഭരണങ്ങളും മറ്റും വിട്ടു അതൊക്കെ റാണി തിരിച്ചു നല്കി. ബാക്കി ഉണ്ടായിരുന്ന ആഭരണങ്ങൾ മകന്റെ ആവശ്യത്തിലേക്കായി വിശ്വസ്തയായ ഒരു ബന്ധുവിനെ എൽപ്പിചെങ്കിലും അവർ പിന്നീട് ചതിക്കുകയും അവർ വസ്ത്ര വ്യാപാരം നടത്തിയതായി അറിഞ്ഞെന്നാണ് മഹാശ്വേതാ ദേവി എഴുതിയ ബുക്കിൽ പറഞ്ഞിരിക്കുന്നത്.. ഇതൊക്കെ റാണിയെ മൗനത്തിലാഴ്ത്തി. അവസാനം റാണിക്ക് കൊട്ടാരം വിട്ടു പോകേണ്ടി വന്നു. 1857 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളക്കാർക്ക് നൽകിയ വെടിവയ്ക്കാനായി ഉപയോഗിക്കുന്ന തിരകളിൽ പന്നിയുടെയോ പശുവിന്റെയോ കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവാമെന്ന ഒരു വിവാദം പെട്ടെന്ന് കത്തിപ്പടർന്നു. ഉപയോഗിക്കുന്നതിനു മുമ്പ് കടിച്ചു തുറക്കേണ്ടുന്ന തിരകളായിരുന്നു ഇവ.
ഇത് ഹൈന്ദവ, മുസ്ലീം സമുദായത്തോടുള്ള ഒരു വെല്ലുവിളിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇരു സമുദായങ്ങൾക്കും ഈ മൃഗങ്ങളുടെ കൊഴുപ്പ് അശുദ്ധമായിരുന്നു. ഇത് പട്ടാളത്തിനുള്ളിൽ തന്നെ ഒരു കലാപത്തിനു വഴിവെച്ചു. ബ്രിട്ടീഷുകാർ ഇതിനെ ശിപായി ലഹള എന്ന് പേരിട്ടു പരിഹസിച്ചു വിളിച്ചെങ്കിലും ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമായി അറിയപ്പെട്ടു .ഇതോടെ 34 ആം റെജിമെന്റിലെ മംഗൾ പാണ്ഡേ എന്ന ശിപായി രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചു. മംഗൾ പാണ്ഡേയെ അറസ്റ്റു ചെയ്യാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവ് മറ്റു ശിപായിമാർ നിരസിച്ചു.
എന്നാൽ പിന്നീട് മംഗൾ പാണ്ഡേയെ പിടികൂടുകയും തൂക്കിലേറ്റുകയും ചെയ്തു. ഇതോടെ കലാപം എല്ലായിടത്തെക്കും വ്യാപിച്ചു. ലഹളക്കാർ കണ്ണിൽകണ്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയെല്ലാം കൊന്നൊടുക്കി. ഒരു മാസത്തിനുള്ളിൽ കലാപകാരികൾ ഡെൽഹി പിടിച്ചടക്കി. അവർ അയൽപ്രദേശങ്ങളിലേക്ക് കടന്നു. കലാപകാരികൾ ഝാൻസിയിലേക്കടുത്തു. ലഹളക്കാർ കണ്ണിൽ കണ്ടവരെയെല്ലാം കൊന്നു . ഝാൻസിയിലെ സൈനീകരും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി. കലാപത്തെതുടർന്ന് ബ്രിട്ടീഷുകാർ ഝാൻസി വിട്ടുപോയി, റാണിയോടു കലാപകാരികൾ ധനം ആവശ്യപ്പെട്ടു. റാണി തന്നാലാകുന്ന വിധം അവർക്ക് സഹായം ചെയ്തു കൊടുത്തു. രാജ്യം അരാജകത്വത്തിലേക്കു വഴുതിവീഴാൻ തുടങ്ങി.

തുടർന്ന് രാജ്യത്തെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ ധീര വനിത ഏറ്റെടുത്തു.ഝാൻസി പതുക്കെ റാണി ലക്ഷ്മീഭായിയുടെ പൂർണ്ണ അധികാരത്തിലേക്കു വരുകയായിരുന്നു. ഈ സമയത്ത് ബ്രിട്ടീഷ് സൈന്യമില്ലാത്ത ഝാൻസി റാണി ലക്ഷ്മീഭായിയുടെ നേതൃത്വത്തിൽ ദുർബലമായിരിക്കുമെന്ന ചിന്തയുള്ള ചില അയൽരാജ്യങ്ങൾ ഝാൻസിയെ ആക്രമിക്കാൻ തയ്യാറാവുന്നുണ്ടായിരുന്നു. 24000 ത്തോളം സൈനീകരുമായി നാത്തേ ഖാൻ ഝാൻസിയെ ആക്രമിക്കാൻ പുറപ്പെട്ടു. നാത്തേ ഖാൻ ഇരുവശങ്ങളിൽ നിന്നുമായി ഝാൻസിയെ ആക്രമിച്ചു. പക്ഷേ ധീരയായ റാണിയുടെ തന്ത്രങ്ങൾക്കു മുന്നിൽ പരിചയസമ്പന്നനായ നാത്തേ ഖാനു പിടിച്ചു നിൽക്കാനായില്ല. തന്റെ യുദ്ധസാമഗ്രികൾ വരെ ഉപേക്ഷിച്ചുകൊണ്ട് നാത്തേ ഖാന് ഝാൻസി വിട്ട് തോറ്റോടേണ്ടി വന്നു. ഈ വിജയം ലക്ഷ്മീബായിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം നൽകുകയുണ്ടായി. ഭരണ നിർവഹണത്തിൽ റാണി അതിസമർഥയായി. ശിപായി ലഹളക്കുശേഷം ഏതാണ്ട് ഒരു വർഷത്തോളം റാണി ഝാൻസി ഭരിക്കുകയുണ്ടായി. നീതിനിർവ്വഹണത്തിലും, ഭരണനിർവ്വഹണത്തിലും അതീവ നൈപുണ്യമാണ് റാണി കാഴ്ചവച്ചത്.
ഭരണകാര്യങ്ങളിൽ യാതൊരു പരിചയവുമില്ലാതിരുന്നിട്ടും തന്‍റെ കഴിവിനേക്കാളും മികച്ച രീതിയിൽ ഝാൻസിയുടെ ഭരണം നിർവഹിക്കാൻ റാണിക്കു കഴിഞ്ഞു. സമാധാനവും സന്തോഷവും ഝാൻസിയിലേക്കു തിരിച്ചുവന്നു. ഈ സമയത്ത് ഝാൻസിയിൽ ചില വ്യവസായശാലകൾ സ്ഥാപിക്കാനും അവർ മുൻകൈയ്യെടുത്തു.ഭർത്താവിന്‍റെ മരണശേഷം ബ്രാഹ്മണ സ്ത്രീകൾ ധരിക്കേണ്ടതായ മൂടുപടം അവർ ഉപേക്ഷിച്ചു. മാത്രമല്ല, കൊട്ടാരത്തിന്‍റെ ദർബാർ ഹാളിൽ സിംഹാസനത്തിലിരുന്നു ഭരണകാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. കൂടുതൽ ശ്രദ്ധ വേണ്ട കാര്യങ്ങൾക്കു വേണ്ടി അവരുടെ ഉച്ചനേരത്തെ വിശ്രമം പോലും വേണ്ടെന്നു വച്ചു.ഭാരപ്പെട്ട ഈ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ റാണിക്ക് കേവലം 22 വയസ്സുമാത്രമായിരുന്നു പ്രായം. പിന്നീട് സമാധാനത്തോടെ കഴിഞ്ഞ ഝാൻസിയിലേക്ക് ബ്രിട്ടീഷുകാർ രാജ്യത്തെ ശക്തിപ്പെടുത്താൻ വരികയാണെന്നും റാണി കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു . പക്ഷെ റാണി തയ്യാറായില്ല ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തു പിടിച്ചു നിന്നു. താന്തിയാ തോപ്പിയും നാനാസാഹേബും സൈനീകരെ അയച്ചെങ്കിലും ബ്രിട്ടീഷുകാരുടെ തോക്കിനു മുന്നില് അധിക നേരം പിടിച്ചു നിൽക്കാൻ ഝാൻസിയിലെ പടയാളികൾക്കായില്ല.
പക്ഷേ ബ്രിട്ടീഷ് സൈന്യം മുന്നേറുകയായിരുന്നു. അവസാനം കൊട്ടാരം വിട്ടുപോകാൻ റാണി തീരുമാനിച്ചു. ഒന്നുകിൽ താന്തിയോതോപ്പിയുടെ കൂടെയോ അതല്ലെങ്കിൽ നാനാ സാഹേബിന്‍റെ അനന്തരവനായ റാവു സാഹേബിന്‍റെ കൂടെ ചേരുവാനോ ആണ് റാണി നിശ്ചയിച്ചത്. മകനെ പുറത്തു ചേർത്തു ബന്ധിച്ചശേഷം ബാദൽ എന്ന കുതിരയുടെ പുറത്തു കയറി കോട്ടയുടെ മുകളിൽ നിന്നും താഴേക്കു ചാടി റാണി രക്ഷപ്പെടുകയായിരുന്നു. ഈ സാഹസത്തിൽ കുതിര അന്ത്യശ്വാസം വലിച്ചുവെങ്കിലും റാണിയും, പുത്രനും രക്ഷപ്പെട്ടു. ആ കുതിരപ്പുറത്തു നിന്ന് ചാടുന്ന ദൃശ്യം ഇന്നും നമുക്ക് ഝാൻസി കോട്ടയിൽ ശില്പത്തിന്റെ രൂപത്തിൽ കാണാൻ സാധിക്കും.

കല്പിയിലെക്കാണ് റാണി പോയത്. വളരെയേറെ പ്രതികൂല സാഹചര്യത്തിലാണ് റാണിയും കൂട്ടരും അവിടെ എത്തിയത്. പിന്നീട് ബ്രിട്ടീഷുകാർ കല്പിയും ആക്രമിച്ചു, റാണിയും സഹേബിനോടൊപ്പം പൊരുതിയെങ്കിലും പിടിച്ചു നില്ക്കാനായില്ല .പിന്നീടുണ്ടായ യുദ്ധത്തിൽ മാരകമായി പരുക്കേൽക്കുകയും റാണി മരണപ്പെടുകയും ചെയ്തു. പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാണ് റാണിയുടെ സംസ്കാരകർമ്മങ്ങൾ നടന്നതെന്ന് ഹ്യൂഗ് ഓർമ്മിക്കുന്നു. ഗ്വാളിയോറിലെ കോട്ടയുടെ അടുത്തുള്ള ഒരു വലിയ പുളിമരത്തിന്റെ താഴെയാണ് റാണിയുടെ മൃതദേഹം ദഹിപ്പിച്ചത്. സൗന്ദര്യവും,ബുദ്ധിയും,വ്യക്തിത്വവും ഒരുമിച്ചു ചേർന്ന ഒരു സ്ത്രീയായിരുന്നു റാണി ലക്ഷ്മീ ഭാ യ്, ഒരു പക്ഷേ ഇന്ത്യൻ നേതാക്കളിൽ ഏറ്റവും അപകടകാരിയും. റാണിയുടെ ഒളിമങ്ങാത്ത ഓർമകളിൽ ആ ധീര വനിതയുടെ പ്രചോദനം ഉൾക്കൊണ്ട് ഇനിയും ഒരായിരം ഝാൻസി റാണിമാർ ഉയർത്തെഴുനേൽക്കട്ടെ എന്നാശിക്കാം.
പോരാട്ടവീര്യത്തിന്റെ ചരിത്രമുറങ്ങുന്ന നമ്മുടെ ഭാരതമണ്ണിൽ, അതിക്രമിച്ച് കടക്കുന്നതിന് മുൻപ് ഓരോ ശക്തിയും ഓർമ്മിക്കേണ്ട ഒന്നുണ്ട്, ഇത്തരത്തിലുള്ള ഝാൻസി റാണിയെപ്പോലുള്ള നിരവധിയനവധി ചരിത്രജീവിതങ്ങൾ ഓരോ ഭാരതീയമനസ്സുകളിലും നിലനിൽക്കുന്നുണ്ടെന്ന സത്യം. അതിർത്തിയിൽ നമ്മുടെ രാജ്യസുരക്ഷയ്ക്കായി നിലയുറപ്പിച്ചിരിക്കുന്ന ഓരോ ധീര ജവാനോടൊപ്പവും നമ്മളോരോരുത്തരുടേയും ദൃഢമായ പ്രാർത്ഥനയും കരുതലും വേണ്ട ഒരു സമയമാണിത്. ചെറുത്ത് നിൽപ്പിന്റെ ധീരമായ ഈ ഓർമ്മ നമുക്ക് മുന്നിൽ വെളിച്ചമായി നിലകൊള്ളട്ടെ.

