Sunday, April 28, 2024
spot_img

‘ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടം! ‘ജനജീവിതത്തിൽ ഇഴുകിച്ചേർന്ന വ്യക്തിത്വം’ വർണ്ണിക്കാൻ വാക്കുകൾ ഇല്ലാതെ നേതാക്കന്മാർ, വിട പറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം

വിട പറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ എന്നിവർ ഉൾപ്പടെ നിരവധിപ്പേർ ആണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്.

‘മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ, രാഷ്ട്രീയ അതികായൻ്റെ നഷ്ടം നികത്താൻ ആകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണ്. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിൻ്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു’- കേന്ദ്ര മന്ത്രി വി മുരളീധരൻ.

‘സ്നേഹം’ കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ’- കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

കഴിവുറ്റ ഭരണാധികാരിയും ജന ജീവിതത്തിൽ ഇഴുകി ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായി. എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട’- പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു’- സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ‌.

ഊർജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. പരേതാത്മാവിന് നിത്യശാന്തി നേരുന്നു’- ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.

ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ക്യാൻസർ ബാധിതന‌ായി ഏറെ നാളായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്.

Related Articles

Latest Articles