Monday, May 6, 2024
spot_img

നിയമന തട്ടിപ്പ്! അഖിൽ സജീവും ലെനിൻ രാജും പ്രതിപ്പട്ടികയിൽ !നടപടി അഖില്‍ മാത്യുവിന്റെ പരാതിയിൽ കന്റോണ്‍മെന്റ് പോലീസിന്റേത്

തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ അഖില്‍ സജീവിനേയും ലെനിന്‍ രാജിനേയും പ്രതി ചേർത്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവിന്റെ പരാതിയിൽ കന്റോണ്‍മെന്റ് പോലീസിന്റേതാണ് നടപടി. വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

അഖില്‍ സജീവും ലെനിന്‍ രാജും തട്ടിപ്പിന് നേതൃത്വം നല്‍കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പരാതിക്കാരനായിരുന്ന മലപ്പുറം സ്വദേശി ഹരിദാസ്, ഇയാളുടെ സുഹൃത്ത് മുഹമ്മദ് അബ്ദുൾ ബാസിത് എന്നിവരുടെ മൊഴിയാണ് വിഷയവുമായി ബന്ധപ്പെട്ട് പോലീസ് രേഖപ്പെടുത്തി. ആയുഷ് മിഷനിൽ ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ളയാളും സുഹൃത്തും ചേർന്ന് 1.75 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഹരിദാസന്റെ ആരോപണം. അഖില്‍ മാത്യുവിന് ഹരിദാസ് പണം നല്‍കിയതായി തെളിവുകളില്ല. എന്നാൽ അഖില്‍ സജീവിന് 20000 രൂപ നല്‍കിയതായും ലെനിന്‍ രാജിന് 50000 രൂപ നല്‍കിയതായും രേഖകളുണ്ട്.ഇത് തെളിവായി സ്വീകരിച്ചുകൊണ്ടാണ് പോലീസ് ഇരുവരെയും പ്രതിചേർത്തത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് നാളെ കോടതിയിൽ സമര്‍പ്പിക്കും.

Related Articles

Latest Articles