രാജ്യത്തെ വിമാനത്താവളങ്ങളുടെയും വിമാനസർവീസുകളുടെയും സുരക്ഷ വർധിപ്പിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദേശം നല്കി. പുൽവാമ ഭീകരാക്രമണത്തിനുശേഷം ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിലാണിത്.

രാജ്യത്തെ എയർ സ്ട്രിപ്പുകൾ, ഹെലിപ്പാഡുകൾ, വ്യോമയാന പരിശീലനസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യമറിയിച്ച് വിമാനത്താവളങ്ങളുടെയും വിമാനസർവീസ് കമ്പനികളുടെയും സുരക്ഷാ മേധാവികൾ, പോലീസ്-സി.ഐ.എസ്.എഫ്. അധികൃതർ എന്നിവയ്ക്കാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നോട്ടീസ് അയച്ചത്.

സന്ദർശകരുടെ നിയന്ത്രണം, യാത്രികരുടെയും ജീവനക്കാരുടെയും കർശനപരിശോധന, പാർക്കിങ് മേഖലയിലെ വാഹന പരിശോധന എന്നിങ്ങനെ 20 അധിക സുരക്ഷാനടപടികൾ കൈക്കൊള്ളാൻ നിർദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്