Sunday, May 19, 2024
spot_img

“ജനപ്രിയസിനിമകളുടെ അമരക്കാരന്‍”; ഐവി ശശി എന്ന പകരക്കാരനില്ലാത്ത അതുല്യപ്രതിഭ വിടപറഞ്ഞിട്ട് നാലു വർഷങ്ങൾ

മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതിയ സംവിധായകനാണ് ഐവി ശശി (IV Sasi Death Anniversary). അദ്ദേഹം സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമാ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നതായിരുന്നു. സിനിമയാണ്​ തന്റെ പാഠശാല എന്നു വിശ്വസിച്ച സംവിധായകനായിരുന്നു ഐ വി ശശി. ആ പേര് സ്ക്രീനിൽ തെളിയുമ്പോൾ തിയറ്ററുകൾ ഇളകി മറിഞ്ഞൊരു കാലവും മലയാള സിനിമയ്ക്കുണ്ടായിരുന്നു. അതിസുന്ദരനായകൻമാരിലേക്ക് ഫോക്കസ് ചെയ്യാതെ, പരുക്കൻ മുഖവും സ്വഭാവവുമുള്ള കഥാപാത്രങ്ങളെ ഐ വി ശശി സധൈര്യം സ്ക്രീനിൽ അവതരിപ്പിച്ചു. താരമല്ല, സിനിമയുടെ ഉള്ളടക്കമാണെന്ന് പ്രധാനമെന്ന് വിശ്വസിച്ച, വേറിട്ട ചിന്താഗതിയുള്ള സംവിധായകൻ കൂടിയായിരുന്നു ഐ വി ശശി. മലയാള മുഖ്യധാരാസിനിമയിലെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന ഐ വി ശശിയുടെ നാലാം ചരമവാർഷികമാണ് ഇന്ന്.

2017 ഒക്ടോബർ 24 നാണ് ജനപ്രിയസിനിമയുടെ അമരക്കാരനായിരുന്ന അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം. അർബുദ ബാധിതനായിരുന്നു ഐവി ശശി. ഏറെ കാലമായി ചെന്നൈയിൽ ആയിരുന്നു താമസം. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരില്‍ ഒരാളായിരുന്നു. മമ്മൂട്ടിയ്ക്ക് സൂപ്പര്‍ താര പരിവേഷം ലഭിച്ചത് ഐവി ശശി സിനിമകളിലൂടെ ആയിരുന്നു. പ്രമുഖ സിനിമ താരം സീമയാണ് ഭാര്യ. ദേശീയ പുരസ്‌കാരം ഉള്‍പ്പടെ ഒരുപാട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ജെസി ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം

ഇരുപ്പം വീട് ശശിശധരന്‍ എന്നാണ് ഐവി ശശിയുടെ മുഴുവന്‍ പേര്. 1948 മാര്‍ച്ച് 28 ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ചിത്രകല പഠിച്ച ഐവി ശശി കലാസംവിധായകന്‍ ആയിട്ടായിരുന്നു സിനിമയില്‍ എത്തുന്നത്. 1968 ല്‍ എബി രാജ് സംവിധാനം ചെയ്ത കളിയല്ല കല്യാണം ആയിരുന്നു ആദ്യ സിനിമ. ഐവി ശശി ആദ്യമായി സംവിധാനം ചെയ്ത സിനിമ ഉത്സവം ആയിരുന്നു. 1975 ല്‍ ആയിരുന്നു ഇത്. അന്ന് സൂപ്പര്‍ ഹിറ്റ് ആയിരുന്നു ഈ ചിത്രം. അവളുടെ രാവുകള്‍ എന്ന ചിത്രം ഐവി ശശിയെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തി. ഈ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സീമ പിന്നീട് ഐവി ശശിയുടെ ജീവിത സഖിയും ആയി. മലയാളത്തില്‍ മാത്രമായിരുന്നില്ല ഐവി ശശി സിനിമകള്‍ സംവിധാനം ചെയ്തത്. ഹിന്ദിയിലും തമിഴും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. തമിഴില്‍ എട്ട് സിനിമകളും ഹിന്ദിയില്‍ നാല് സിനിമകളും സംവിധാനം ചെയ്തു. നൂറ്റി അമ്പതിലധികം സിനിമകള്‍ ഐവി ശശി സംവിധാനം ചെയ്തിട്ടുണ്ട്. 2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവല്‍ ആയിരുന്നു അവസാന സിനിമ.

ഐവി ശശി എന്ന പകരക്കാരനില്ലാത്ത അതുല്യപ്രതിഭ

തന്റെ സിനിമാസങ്കല്പങ്ങളിലേക്ക് പ്രേക്ഷകാഭിരുചികളെ ചിട്ടപ്പെടുത്തിയെടുക്കുന്നതില്‍ ഈ സംവിധായകന്‍ ഒരുപാട് വിജയിച്ചിട്ടുണ്ട്. കുറച്ചൊക്കെ പരാജയപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ആ പരാജയങ്ങള്‍ക്കു പോലും വിജയത്തോളം ചാരിതാര്‍ത്ഥ്യമുണ്ട്. കാരണം അവയെല്ലാം മലയാളം അന്നേ വരെ കണ്ടിട്ടില്ലാത്ത ധീരമായ പരീക്ഷണങ്ങള്‍ കൂടിയായിരുന്നു. കാലത്തിനു മുമ്പേ നടന്ന ഒരു സംവിധായകന്റെ പ്രൗഢോജ്ജ്വലമായ ആഭിജാത്യം പതിഞ്ഞവയായിരുന്നു ആ സിനിമകളില്‍ ഭൂരിഭാഗവും. സിനിമയെ ഒരു വികാരത്തേക്കാളുപരി ജീവശ്വാസമായി കണ്ടൊരാളുടെ ഉന്മാദത്തിന്റെ കൈയൊപ്പുകളായിരുന്നു ഐ.വി.ശശി സിനിമകളില്‍ കൂടുതലും. മുഖ്യധാരാസിനിമയുടെ ഏറ്റവും വലിയ വെല്ലുവിളി ജനപ്രീതിയായിരുന്നുവെങ്കില്‍, ഐ.വി.ശശി തന്റെ സിനിമകളിലേക്ക് പ്രേക്ഷകാഭിരുചിയെ വളര്‍ത്തിക്കൊണ്ടു വരികയായിരുന്നു. അതു വരെ കണ്ട കഥാപ്രപഞ്ചങ്ങളോ ആവിഷ്‌കാരശൈലിയോ ആയിരുന്നില്ല ശശി സിനിമകളുടെത്. അത് നിലംതൊടാ സ്വപ്‌നങ്ങളായിരുന്നില്ല, രണ്ടുകാലും മണ്ണില്‍ ഉറപ്പിച്ചു നില്‍ക്കുന്ന മനുഷ്യകഥകളായിരുന്നു. അവന്റെ വിയര്‍പ്പും വികാരങ്ങളും സ്വപ്‌നങ്ങളും ആരവങ്ങളുമായിരുന്നു അതില്‍. തന്റെ സിനിമകളുടെ കപ്പിത്താന്‍ താന്‍ തന്നെയാണെന്ന സംവിധായകന്റെ ഉത്തമബോധ്യം ഈ സിനിമകളില്‍ പ്രഖ്യാപിക്കപ്പെടുന്നുണ്ടെന്ന് സാരം.

മുഖ്യധാരാസിനിമക്കകത്ത് തനതുശൈലി സൃഷ്ടിച്ചെടുക്കുകയും ആ ശൈലിയെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകസമൂഹത്തെ ഇണക്കിനിര്‍ത്തുകയും ചെയ്ത ഐ.വി.ശശി പക്ഷേ, ഓരോ മേഖലയിലെയും കൃതഹസ്തരായ പ്രതിഭകളെ കണ്ടെത്തി അവരുടെ സര്‍ഗ്ഗാത്മക പങ്കാളിത്തം തന്റെ സിനിമകളില്‍ ഉറപ്പു വരുത്തിയിരുന്നു. കഥയുടെയും അഭിനയത്തിന്റെയും കാര്യത്തില്‍ മാത്രമല്ല സാങ്കേതികതലങ്ങളില്‍ പോലും. ഭാവോജ്ജ്വലമായ അഭിനയമുഹൂര്‍ത്തങ്ങളും സംഘര്‍ഷാത്മകവും നാടകീയത നിറഞ്ഞതുമായ കഥാപരിസരങ്ങളുമാണ് തനിക്കിണങ്ങുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാവശ്യമായ തിരക്കഥകള്‍ സ്വയം സൃഷ്ടിക്കാന്‍ മുതിരാതെ മികച്ച എഴുത്തുകാരെക്കൊണ്ടു തന്നെ നിര്‍വഹിപ്പിക്കുവാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. ഇതിന്റെ പ്രധാന കാരണം പൂര്‍ണ്ണതയോടുള്ള ഒത്തുതീര്‍പ്പില്ലാത്ത താത്പര്യം തന്നെയാണ്.

നല്ല കഥക്കും കഥാകാരനുമൊപ്പം നില്‍ക്കാന്‍ ഐ.വി.ശശിയിലെ സംവിധായകന്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. നൂതനവും സൂക്ഷ്മവുമായ ശൈലികളില്‍ ഈ കഥകളെ സാക്ഷാത്ക്കരിക്കുവാനും അദ്ദേഹം മുതിര്‍ന്നിരുന്നു. അഭിനയമുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളും വ്യക്തിത്വവുമെല്ലാം സൂക്ഷ്മമായി വിലയിരുത്തിയിരുന്ന ഐ.വി.ശശി മിന്നി മറഞ്ഞു പോകുന്ന ചെറിയ കഥാപാത്രങ്ങള്‍ക്കുപോലും പൂര്‍ണ്ണമായൊരു വ്യക്തിത്വം നല്‍കാന്‍ ശ്രദ്ധിച്ചിരുന്നു.

ഐവി ശശി സംവിധാനം ചെയ്ത ശ്രദ്ധേയമായ ചിത്രങ്ങൾ ചുവടെ:

1975

∙ ഉത്സവം

1976

∙ അനുഭവം

∙ ആലിംഗനം

∙ അയൽക്കാരി

∙ അഭിനന്ദനം

1977

∙ ആശിർവാദം

∙ അഞ്ജലി

∙ അകലെ ആകാശം

∙ അംഗീകാരം

∙ അഭിനിവേശം

∙ ഇതാ ഇവിടെ വരെ

∙ ആ നിമിഷം

∙ ആനന്ദം പരമാനന്ദം

∙ അന്തർദാഹം

∙ ഹൃദയമേ സാക്ഷി

∙ ഇന്നലെ ഇന്ന്

∙ ഉൗഞ്ഞാൽ

1978

∙ ഇൗ മനോഹര തീരം

∙ അനുമോദനം

∙ അവളുടെ രാവുകൾ

∙ അമർഷം

∙ ഇതാ ഒരു മനുഷ്യൻ

∙ വാടകയ്ക്കു ഒരുഹൃദയം

∙ ഞാൻ ഞാൻ മാത്രം

∙ ഇൗറ്റ

∙ ഇനിയും പുഴയൊഴുകും

1979

∙ അലാവുദീനും അത്ഭുതവിളക്കും

∙ പകലിൽ ഒരു ഇരവ്

∙ മനസ വാചാ കർമണാ

∙ മൻ കാ ആങ്കൺ

∙ അനുഭവങ്ങളെ നന്ദി

∙ ഏഴാംകടലിനക്കരെ

∙ ആറാട്ട്

1980

∙ പതിത

∙ ഇവർ

∙അങ്ങാടി

∙ കാന്തവലയം

∙ കരിമ്പന

∙ മീൻ

∙ ഗുരു

∙ അശ്വരഥം

∙ എല്ലാം ഉൻ ൈകരാസി

∙ കാളി

1981

∙ ഒരിയ്ക്കൽക്കൂടി

∙ തുഷാരം

∙ തൃഷ്ണ

∙ഹംസഗീതം

∙ അഹിംസ

1982

∙ ഇൗ നാട്

∙ ഇണ

∙ തടാകം

∙ ജോൺ ജാഫർ ജനാർദ്ദനൻ

∙ സിന്ദൂര സന്ധ്യക്ക് മൗനം

∙ ഇന്നല്ലെങ്കിൽ നാളെ

1983

∙ അമേരിക്ക അമേരിക്ക

∙ ഇനിയെങ്കിലും

∙ നാണയം

∙ കൈകേയി

∙ ആരൂഢം

1984

∙ ഉയരങ്ങളിൽ

∙ അതിരാത്രം

∙ ലക്ഷ്മണരേഖ

∙ ആൾക്കൂട്ടത്തിൽ തനിയെ

∙ അടിയൊഴുക്കുകൾ

∙ കരിഷ്മ

∙ അക്ഷരങ്ങൾ

∙ കാണാമറയത്ത്

1985

∙ രംഗം

∙ അനുബന്ധം

∙ അങ്ങാടിക്കപ്പുറത്ത്

∙ ഇടനിലങ്ങൾ

∙ കരിമ്പിൻപൂവിനക്കരെ

1986

∙ അഭയംതേടി

∙ ആഖോം കി രിശ്ത

∙ കൂടണയും കാറ്റ്

∙ വാർത്ത

∙ ആവനാഴി

1987

∙ ഇത്രയുംകാലം

∙ അടിമകൾ ഉടമകൾ

∙ വ്രതം

∙ നാല്ക്കവല

∙ ഇല്ലം

1988

∙ അബ്കാരി

∙ അനുരാഗി

∙ 1921

∙ മുക്തി

1989

∙ അക്ഷരതെറ്റ്

∙ മൃഗയ

1990

∙ വർത്തമാനകാലം

∙ അർഹത

∙ മിഥ്യ

1991

∙ ഭൂമിക

∙ ഇൻസ്പെക്ടർ ബൽറാം

∙ നീലഗിരി

1992

∙ കള്ളനും പൊലീസും

∙ അപാരത

1993

∙ ദേവാസുരം

∙ അർഥന

1994

∙ ദി സിറ്റി

1995

∙ കോലങ്ങൾ

1997

∙ വർണ്ണപ്പകിട്ട്

∙ അനുഭൂതി

1999

∙ ആയിരംമേനി

2000

∙ ശ്രദ്ധ

2002

∙ ഇൗ നാട് ഇന്നലെ വരെ

2003

∙ സിംഫണി

2006

∙ ബൽറാം വെഴ്സസ് താരാദാസ്

2009

∙ വെള്ളത്തൂവൽ

Related Articles

Latest Articles