Friday, October 9, 2026

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം; കണ്ണിനും കാതിനും കുളിർമ്മയേകുന്ന സംഗീത വിസ്മയം റിട്രീറ്റ്ന് സാക്ഷിയായി രാജ്യതലസ്ഥാനം

ദില്ലി: കഴിഞ്ഞ 23 ന് നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന്റെ ജന്മ വാർഷികത്തോടെ ആരംഭിച്ച രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം. വളരെ പ്രത്യേകതകൾ ഉള്ള ബീറ്റിങ് റിട്രീറ്റ് എന്ന പരിപാടിയോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പരിസമാപ്പ്തി കുറിച്ചത്. ലോകത്തിലെ ഏറ്റവും വർണാഭമായ സംഗീതവിരുന്നുകളിലൊന്നാണ് ഇന്ന് വൈകിട്ട് ന്യൂഡൽഹിയിലെ വിജയ് ചൗക്കിൽ നടന്നത്.

ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിനും 29നു നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങുകൾക്കും പ്രതീകാത്മകമായ ഒരർഥമുണ്ട്. പടയ്‌ക്ക് സജ്‌ജരാണെന്ന് സർവസൈന്യാധിപനു മുന്നിൽ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്. പണ്ട് ഇതു മിക്കവാറും രാജാവിന്റെ ജന്മദിനത്തിലാകും. തങ്ങൾക്കു ലഭിച്ച പുതിയ ആയുധങ്ങളെല്ലാം രാജാവിനു മുന്നിൽ അവർ പ്രദർശിപ്പിക്കും. ഇന്നും സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇതിന്റെ തുടർച്ചയാണ്. പ്രദർശനത്തിനു ശേഷം ഇവയെല്ലാം സമ്മാനിച്ച സർവസൈന്യാധിപന് വാദ്യങ്ങളും മറ്റുമുപയോഗിച്ച് നന്ദിപ്രകടനം കാഴ്‌ചവച്ചശേഷം അവർ ബാരക്കുകളിലേക്കു മടങ്ങും.

ജനുവരി 29നു വൈകിട്ട് വിജയ് ചൗക്കിൽ സൈന്യം നടത്തുന്ന ബീറ്റിങ് റിട്രീറ്റ് എന്ന ചടങ്ങാണ് സംഗീതസാന്ദ്രമായ നന്ദിപ്രകടനവും മടക്കയാത്രയും. ബീറ്റിങ് റിട്രീറ്റ് ഒരു സൈനിക പാരമ്പര്യം എന്ന നിലയിൽ തുടക്കം കുറിച്ചത് 17 ആം നൂറ്റാണ്ടിൽ ഇഗ്ലണ്ടീലാണ്. രാത്രിയായപ്പോൾ യുദ്ധം ദിവസം അവസാനിച്ചത് അറിയിക്കാൻ പതാക താഴ്ത്തി ഡ്രമ്മുകൾ മുഴക്കാൻ ജയിംസ് രണ്ടാമൻ രാജാവ് നിർദേശം നൽകി; 1690 ജൂൺ 18നായിരുന്നു അത്. ഇതാണു പിന്നീട് ബീറ്റിങ് റിട്രീറ്റായി മാറിയത്.

ഇപ്പോൾ യുകെ, യുഎസ്, കാനഡ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണു ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടത്തുന്നത്. ഇന്ത്യയിൽ ഇതൊരു ചടങ്ങായതു 1950ലാണ്. ഇന്ത്യൻ ആർമിയിലെ മേജർ റോബർട്സ് എന്ന ഉദ്യോഗസ്ഥനാണ് ബീറ്റിങ് റിട്രീറ്റ് ഒരു ചടങ്ങായി വികസിപ്പിച്ചെടുത്തത്. പ്രതിരോധ വിഭാഗത്തിന്റെ സെക്‌ഷൻ ഡി( സെറിമോണിയൽസ്) ആണ് ഈ ചടങ്ങ് ക്രമീകരിക്കുന്നത്. ബീറ്റിങ് റിട്രീറ്റിൽ വായിക്കേണ്ട ഈണങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രിൻസിപ്പൽ പഴ്സനേൽ ഓഫിസേഴ്സ് കമ്മിറ്റിയാണ് ദീപാലങ്കാരത്തിൽ തിളങ്ങി നിൽക്കുന്ന രാഷ്ട്രപതി ഭവനും അതിന്റെ ഇരുവശത്തുമായുള്ള നോർത്ത്, സൗത്ത് ബ്ലോക്കുകളും ഉൾപ്പെടുന്ന വിജയ് ചൗക്കിൽ വൃത്താകൃതിയിൽ അരങ്ങേറുന്ന ബീറ്റിങ് റിട്രീറ്റുമെല്ലാം ഏറെ വർണത്തിളക്കമുള്ള കാഴ്ചകളാണ്. അങ്ങരക്ഷകരുടെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തുന്ന ഇന്ത്യൻ രാഷ്ട്രപതിയാണ് ചടങ്ങിന്റെ മുഖ്യാതിഥി.

ബീറ്റിങ് ദ് റിട്രീറ്റ് ചടങ്ങിൽ മുൻപു പാശ്ചാത്യ സംഗീതങ്ങളാണ് കൂടുതൽ അവതരിപ്പിച്ചിരുന്നതെങ്കിൽ സമീപകാലത്തായി ഇന്ത്യൻ ഈണങ്ങൾക്കാണു പ്രാധാന്യം. സ്കോട്ടിഷ് ആംഗ്ലിക്കൻ കവി ഹെൻട്രി ഫ്രാൻസിസ് ലൈറ്റ് 1847ൽ എഴുതിയ ‘അബൈഡ് വിത്ത് മീ’ 1950 മുതൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളുടെ ഭാഗമായിരുന്നു. ‘അബൈഡ് വിത്ത് മീ’ എന്ന ഗാനം ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ ഈ വർഷം മുതൽ ഉണ്ടാകില്ല. ഈ വർഷം അവതരിപ്പിക്കുന്ന 26 ട്യൂണുകളും ഇന്ത്യൻ ഈണങ്ങളാകുമെന്നും ബോളിവുഡ് ഗാനങ്ങളുണ്ടാകില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ‘അബൈഡ് വിത്ത് മീ’ക്കു പകരം കവി പ്രദീപ് എഴുതി സി.രാമചന്ദ്ര ഈണം നൽകിയ ‘ഏ മേരേ വതൻ കെ ലോഗോം’ എന്ന ഹിന്ദി ദേശഭക്തി ഗാനമായിരിക്കും ഇത്തവണ ആലപിക്കുക.

വിവിധ ദേശീയ മിലിട്ടറി ചടങ്ങുകളുടെ അവസാനം ആലപിക്കാൻ സാധിക്കുന്ന ഹിന്ദി വരികളോടു കൂടിയ പുതിയ ഈണത്തിനു വേണ്ടി ആർമി സെറിമോണിയൽ വെൽഫെയർ അഡീഷനൽ ഡയറക്ടറേറ്റ് ജനറൽ കഴിഞ്ഞ ജൂലൈയിൽ അപേക്ഷ ക്ഷണിച്ചിരുന്നു. നിലവിൽ സൈനിക ബാൻഡുകൾ ഉപയോഗിക്കുന്നതുൾപ്പെടെ 6 ഈണങ്ങൾ ഇതിലേക്കായി ലഭിച്ചു. ഒടുവിൽ ‘ഏ മേരേ വതൻ കെ ലോഗോം’ തിരഞ്ഞെടുത്തു.ബോട്‌ലാബ് ഡൈനാമിക്സ് എന്ന സ്റ്റാർട്ടപ് കമ്പനി, ഡൽഹി ഐഐടിയുടെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പിന്തുണയോടെ ഒരുക്കുന്ന ഡ്രോൺ ലേസർ ഷോയാണു ഈ വർഷത്തെ ആകർഷണം.

Related Articles

Latest Articles