Friday, May 17, 2024
spot_img

മെഡിക്കല്‍ സ്റ്റോർ ജീവനക്കാരി പ്രണയത്തിൽ നിന്ന് പിന്മാറിയത്തിൽ പക; ഉടമക്ക് നേരെ ആസിഡ് ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

ചെറുതോണി: മെഡിക്കൽ സ്റ്റോ‌‍ർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേൽ ജിനീഷ് ഇയാളുടെ സുഹൃത്തും പാമ്പാടും പാറ സ്വദേശിയുമായ രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് ചെറുതോണി ടൗണിലെ മരിയ മെഡിക്കൽ ഷോപ്പുടമ ലൈജുവിനു നേരെ ജിനീഷും സുഹൃത്ത് രതീഷും ചേർന്ന് ആസിഡ് ആക്രമണം നടത്തിയത്.

ലൈജുവിൻറെ കടയിലെ ഒരു ജീവനക്കാരിയുമായി മുൻപ് ജിനീഷിന് ബന്ധമുണ്ടായിരുന്നു. കുറെക്കാലം മുമ്പ് ഇവർ ഈ ബന്ധത്തില്‍ നിന്നും പിന്മാറി. പിന്നാലെ ജിനീഷിനെതിരെ ഇടുക്കി പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. ഇതിനെല്ലാം കാരണം കടയുടമയായ ലൈജുവിന്‍റെ സ്വാധീനമാണെന്നുള്ള സംശയമാണ് ആക്രമണത്തിന് പിന്നിൽ.

കേസ് വഴിതിരിച്ചു വിടാൻ ആസിഡ് നല്കിയത് കടയിലെ ജീവനക്കാരിയാണെന്നാണ് ജിനീഷ് ആദ്യം പോലീസിന് മൊഴി നല്കിയത്. അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് സംശയം മൂലമാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചത്. ഒന്നാംപ്രതി ജിനീഷനൊപ്പം മുമ്പ് പാലക്കാട് ജോലി ചെയ്തിരുന്നയാളാണ് രതീഷ്. സംഭവ ദിവസം ഒഡീഷയിൽ നിന്നെത്തിയ ജിനീഷ് ആലുവയിൽ വച്ച് രതീഷിനൊപ്പം ചേർന്നു. ഇരുവരും ചേര്‍ന്ന് പെരുമ്പാവൂരിൽ നിന്നുമാണ് റബ്ബർ ഷീറ്റിന് ഉപയോഗിക്കുന്ന ഫോർമിക് ആസിഡ് വാങ്ങിയത്. രാത്രി കടയടച്ച് വീട്ടിൽ പോയ ലൈജുവിൻറെ കാർ പിന്തുടർന്നെത്തി കൈയ്യിൽ കരുതിയിരുന്ന ആസിഡ് ജിനീഷ് ഒഴിക്കുകയായിരുന്നു. രതീഷാണ് ബൈക്കോടിച്ചിരുന്നത്.

ആക്രമണത്തിനുശേഷം തടിയമ്പാട്ടെ വീട്ടിൽ ജിനീഷിനെ വിട്ട ശേഷം രതീഷ് പാമ്പാടുംപാറയിലേക്ക് പോയി. രതീഷിൻറെ പേരിൽ നെടുംകണ്ടം പോലീസ് സ്റ്റേഷനിൽ പോക്സോ കേസും അടിപിടി കേസുമുണ്ട്. ജനീഷിൻറെ കാലിലെ പൊള്ളലേറ്റ പാടും അന്വേഷണത്തിൽ വഴിത്തിരിവായി. കൃത്യത്തിനുപയോഗിച്ച പൾസർ ബൈക്കും കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ പേരിൽ കാപ്പ ചുമത്തുമെന്നും ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് പറഞ്ഞു.

Related Articles

Latest Articles