Sunday, May 5, 2024
spot_img

ചാര ഉപഗ്രഹമായ ‘റിസാറ്റ്-2’ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തി; സ്ഥിരീകരിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന

ബെംഗളൂരു: ഇന്ത്യയുടെ ചാര ഉപഗ്രഹമായ ‘റിസാറ്റ്-2’ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തി. കഴിഞ്ഞദിവസം ജക്കാർത്തയ്ക്കുസമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ ഉപഗ്രഹം തിരിച്ചിറങ്ങിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന സ്ഥിരീകരിച്ചു. ഒക്ടോബർ 30-ന് ഉച്ചയ്ക്ക് 12.06-നാണ് ഉപഗ്രഹം സമുദ്രത്തിൽ പതിച്ചത്. അതിർത്തിയിലെ നുഴഞ്ഞുകയറ്റമുൾപ്പെടെ നിരീക്ഷിക്കുന്നതിനായി നിർമിച്ച ‘റിസാറ്റ്-2’ 2009 ഏപ്രിൽ 20-നാണ് പി.എസ്.എൽ.വി.-സി 12 വിക്ഷേപണവാഹനത്തിൽ ഭ്രമണപഥത്തിൽ പതിച്ചത്.

300 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിൽ 30 കിലോഗ്രാം ഇന്ധനമാണുണ്ടായിരുന്നത്. നാലുവർഷം കാലാവധിയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ഐ.എസ്.ആർ.ഒ. സ്പേസ് ക്രാഫ്റ്റ് ഓപ്പറേഷൻ ടീമിന്റെ കൃത്യമായ പരിചരണം കാരണം 13 വർഷവും ആറുമാസവും കാലാവധി ലഭിച്ചു. ഏതു കാലാവസ്ഥയിലും ഭൂമിയുടെ ചിത്രങ്ങളെടുക്കാൻ കഴിയുന്ന റഡാർ ഇമേജിങ് സംവിധാനമാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത.

മൾട്ടി ഒബ്‌ജക്ട് ട്രാക്കിങ് റഡാർ (എം.ഒ.ടി.ആർ.) ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ശാസ്ത്രജ്ഞർ ഉപഗ്രഹത്തെ നിരീക്ഷിച്ചുവരുകയായിരുന്നുവെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.

Related Articles

Latest Articles