വടകര: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര സീറ്റിലേക്ക് മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതൃത്വം. ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യം. അതുകൊണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്നും ആര്‍എംപി നേതാക്കളായ എന്‍. വേണുവും, കെ.കെ രമയും പറഞ്ഞു. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയായ പി.ജയരാജന്‍. ഒരു കൊലയാളി വടകരയില്‍ ജയിച്ച്‌ പോകുന്ന സാഹചര്യം ഉണ്ടാവരുത്. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും അത് തന്നെയാണ് ചെയ്യേണ്ടത്. അതുകൊണ്ടാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് – കെ.കെ രമ പറഞ്ഞു. സംസ്ഥാന വ്യാപകമായി അക്രമരാഷ്ട്രീയത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

ആര്‍എംപി രൂപീകരിച്ച ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ജയരാജന്റെ തോല്‍വി ഉറപ്പിക്കാനാണ് യുഡിഎഫിന്റെ പ്രചരണത്തില്‍ പങ്കുചേരുന്നതെന്ന് ആര്‍എംപി സംസ്ഥാന അദ്ധ്യക്ഷന്‍ വേണു പറഞ്ഞു. ആര്‍എംപിയുടെ അവസാനത്തെ വോട്ടും യു.ഡി.എഫിന് നല്‍കും. ഒരിക്കല്‍ പോലും സി.പി.എമ്മുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് തോന്നിയിട്ടില്ലെന്നും വേണു വ്യക്തമാക്കി.