Thursday, October 1, 2026

റോഡ് പണി വൈകുന്നു; ചടയമംഗലത്ത് ജെ. ചിഞ്ചുറാണിക്ക് നേരെ പ്രതിഷേധം

കൊല്ലം: കൊല്ലം ചടയമംഗലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ. ചിഞ്ചുറാണിക്ക് നേരെ നാട്ടുകാരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം. നിലമേൽ തങ്കക്കല്ല് പ്രദേശത്ത് തകർന്നു കിടക്കുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ സ്ഥാനാർത്ഥിയെ തടഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രദേശത്തെത്തിയതായിരുന്നു സ്ഥാനാർത്ഥിയും സംഘവും.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് “റോഡില്ലെങ്കിൽ വോട്ടില്ല” എന്ന മുദ്രാവാക്യവുമായാണ് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയത്. നാട്ടുകാരുടെ പരാതി കേൾക്കാനും വിഷയം ചർച്ച ചെയ്യാനുമാണ് ചിഞ്ചുറാണി എത്തിയതെന്ന് എൽ.ഡി.എഫ് നേതാക്കൾ വിശദീകരിച്ചെങ്കിലും, സംസാരത്തിനിടയിൽ പ്രതിഷേധം ശക്തമാവുകയായിരുന്നു. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് വഴി യാത്ര ചെയ്യാനാകാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.

റോഡ് പണി വൈകുന്നതിന് കാരണം കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന് എൽ.ഡി.എഫ് നേതാക്കൾ പ്രതികരിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സ്ഥാനാർത്ഥി ഉറപ്പുനൽകിയെങ്കിലും പ്രതിഷേധക്കാർ ശാന്തരായില്ല. ഒടുവിൽ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചു മാറ്റിയത്.

Related Articles

Latest Articles