Thursday, April 25, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 19: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സ്വയംസേവകത്വം സി പി കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ നമസ്കാരം.. ഭാരതീയ ജനതാ പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് ഭാരതത്തിൻ്റെ ഭരണചക്രം തിരിയ്ക്കുന്ന സംഘടനയാണ്. 1980ൽ രൂപീകൃതമായ ഈ പ്രസ്ഥാനത്തെ ആക്ഷേപിയ്ക്കുവാനായി 2014 മുതൽ ഉയർത്തുന്ന ആരോപണമാണ് സംഖികൾ ആരും സ്വാതന്ത്ര്യ സമരം ചെയ്തിട്ടില്ല എന്നുള്ളത്. 2014ൽ നരേന്ദ്രമോദി അധികാരത്തിൽ വരുന്നതിന് മുമ്പ് ആർക്കും ഈ സംശയം ഇല്ലായിരുന്നു. ഇങ്ങനെ ഒരു ആരോപണമുണ്ടാക്കി അത് വ്യാപകമായി പ്രചരിപ്പിച്ച് രതിമൂർച്ഛ നേടുന്ന ഒരു വിഭാഗം മലയാള ഭാഷയിലെ എണ്ണക്കൂടുതൽ ഉപയോഗിച്ച് വ്യാജം മാത്രം പ്രചരിപ്പിയ്ക്കുമ്പോൾ അതിലെ വാസ്തവം തേടിപ്പോകുകയാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം.

ചർച്ചാ വിഷയം സ്വാതന്ത്ര്യ സമരത്തിലെ പങ്ക് തെളിയിക്കലായതിനാൽ ഒരു കാര്യം ഞാൻ ആദ്യമേ പറയാം. 1951 ഒക്റ്റോബർ 21ന് രൂപീകരിച്ചു 1977ൽ ഡിസോൾവ് ചെയ്യപ്പെട്ട ദീപം ചിഹ്നമായിരുന്ന ജനസംഘക്കാരനും, 1964 നവംബർ 7ന് രൂപീകരിച്ച അരിവാൾ പാർട്ടി സിപിഎമ്മുകാരനും, 1969ൽ രൂപീകൃതമായ കൈപ്പത്തിപ്പാർട്ടിക്കാരനും, 1980 ഏപ്രിൽ 6ന് സ്ഥാപിച്ച ഭാരതീയ ജനതാ പാർട്ടിയും, 2006ൽ രൂപീകരിയ്ക്കപ്പെട്ട പാകിസ്ഥാൻ അനുകൂല ഭീകരപ്രസ്ഥാനമായ പോപ്പുലർ സുഡാപ്പിയും, 2012 ഒക്റ്റോബർ 2ന് രൂപം കൊണ്ട ആം ആദ്മി പാർട്ടിയും, 1947ന് മുമ്പ് സ്വാതന്ത്ര്യം ലഭിയ്ക്കുന്നതിലേക്ക് നടന്ന പ്രക്ഷോഭങ്ങളിൽ ഇതേ പാർട്ടികളുടെ പേരിൽ പങ്കെടുക്കാനുള്ള യാതൊരു സാദ്ധ്യതയും ഞാൻ കാണുന്നില്ല. എൻ്റെ കോമൺ സെൻസ് അതിന് അനുവദിയ്ക്കുന്നില്ല.

നമ്മുടെ സ്വാതന്ത്ര്യ സമരത്തിൻ്റെ ശൈലി എന്തായിരുന്നു എന്നാൽ നാട്ടുകാർ മുഴുവനും സ്വാതന്ത്ര്യ സമരം എന്ന് പറഞ്ഞു ഇറങ്ങി തിരിച്ചു എന്ന് ആരും കരുതരുത്. അത് തെറ്റായ ആലോചനയിലേയ്ക്ക് നമ്മളെ നയിയ്ക്കും. കുറെ ആളുകൾ സ്വാതന്ത്ര്യ സമരം ചെയ്തു. മറ്റുള്ളവർ അവരവരുടെ ജീവസന്ധാരണ പ്രവൃത്തികൾ ചെയ്തു. എല്ലാവരും മുഴുവൻ സമയ പ്രക്ഷോഭങ്ങൾക്ക് ഇറങ്ങി തിരിച്ചാൽ കൃഷി ചെയ്ത് ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുവാൻ ആർക്ക് സാധിയ്ക്കും. അങ്ങനെ സംഭവിയ്ക്കാതിരിയ്ക്കാനായി എല്ലാ പ്രവർത്തനങ്ങളെയും സ്വാതന്ത്ര്യ സമരമായി ചിത്രീകരിയ്ക്കുക എന്ന ബുദ്ധി വൈഭവം മഹാത്മജി നടപ്പാക്കി.

അതായത് കൃഷി ചെയ്യുന്നതും സ്വാതന്ത്ര്യ സമരം, ശുചിത്വ പ്രവർത്തനങ്ങൾ ചെയ്യുന്നതും സ്വാതന്ത്ര്യ സമരം, നൂൽ നൂൽക്കുന്നതും സ്വാതന്ത്ര്യ സമരം, കവിത എഴുതുന്നതും സ്വാതന്ത്ര്യ സമരം, വസ്ത്രം കഴുകുന്നതും സ്വാതന്ത്ര്യ സമരം, വിദ്യാഭ്യാസം ചെയ്യുന്നതും സ്വാതന്ത്ര്യ സമരം എന്നുവേണ്ട ജീവിതത്തിൻ്റെ നാനാ തുറകളിലുള്ള എല്ലാ പ്രവർത്തനങ്ങളും സ്വാതന്ത്ര്യ സമരമാക്കി മാറ്റി അദ്ദേഹം. അതാണ് അദ്ദേഹത്തെ മഹാത്മാവ് എന്ന് വിളിയ്ക്കാൻ ജനതയെ പ്രേരിപ്പിച്ചത്.

എന്നാൽ 1925 സെപ്റ്റംബർ 27ആം തീയതി വിജയദശമി ദിവസത്തിൽ രുപീകരിയ്ക്കപ്പെട്ട രാഷ്ട്രീയ സ്വയംസേവക സംഘത്തെ സ്വാതന്ത്ര്യ സമരം എന്ന പശ്ചാത്തലത്തിലേയ്ക്ക് കൊണ്ടുവരാനാണ് ഉദ്ദേശിയ്ക്കുന്നതെങ്കിൽ. നല്ല കിറു കൃത്യമായ വിവരങ്ങൾ കണ്ടെത്തി മറുപടികൾ തയ്യാറാക്കിയിട്ടുണ്ട്. അത് ഇവിടെ നൽകാൻ ഉദ്ദേശിയ്ക്കുന്നു. ഇതിലെ ഒരു പ്രധാനപ്പെട്ട സംഗതി എന്തെന്ന് ഞാൻ പറയാം. ആർഎസ്എസ് എന്ന സംഘടന ഒരിയ്ക്കലും ഒരു സമര സംഘടനയല്ല, മറിച്ച് സന്നദ്ധ സേവാ പ്രസ്ഥാനമാണ്, അങ്ങനെയാണ് ഇതിനെ വിഭാവന ചെയ്തിരിയ്ക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യത്തിന് ശേഷവും ആർഎസ്എസ് എന്ന സംഘടന ഒരു സമരങ്ങളും ആർഎസ്എസിൻ്റെ പേരിൽ ചെയ്തിട്ടില്ല.

ഒരു ഉദാഹരണം പറഞ്ഞാൽ എസ്എൻഡിപി യോഗം സ്വതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല. കാരണം അതൊരു സമുദായക്ഷേമ സംഘടനയാണ്. എന്നാൽ എസ്എൻഡിപിക്കാർ സ്വാതന്ത്ര്യ സമരം ചെയ്തവരാണ്. അതുപോലെതന്നെയാണ് എൻഎസ്എസ് എന്ന സമുദായ സംഘടനയും. എൻഎസ്എസിൻ്റെ പേരിൽ സ്വാതന്ത്ര്യ സമരം ആ സംഘടന ചെയ്തിട്ടില്ല. പക്ഷെ എൻഎസ്എസുകാർ സ്വാതന്ത്ര്യ സമരം ചെയ്തിട്ടുണ്ട്. ഇതാണ് വാസ്തവം. (ഈ വാസ്തവം മനസിലാകാത്ത ഉൾക്കൊള്ളാൻ സാധിയ്ക്കാത്ത ഒരേയൊരു കൂട്ടർ മാത്രമേ ഉള്ളൂ. അവരാണ് ‘ഉപ്പുപ്പമാർ പത്തുമുഴം കത്തികൊണ്ട് പാകിസ്ഥാൻ കുത്തിവാങ്ങിയിട്ടും’ അവിടേയ്ക്ക് പോകാതെ ഈ നാട്ടിൽ തുടർന്ന് ഇവിടെ അലമ്പുണ്ടാക്കി പാകിസ്താൻ്റെ താത്പര്യങ്ങൾ നടപ്പിക്കുന്ന ടീംസ്.)

എന്നാൽ ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെട്ട സമരങ്ങൾ, അല്ലെങ്കിൽ സ്വയംസേവകർ നേതൃത്വം നൽകിയ സമരങ്ങൾ എന്നിവയെ കുറിച്ച് ‘ഈ സമരം ആർഎസ്എസ് നടത്തുന്നതാണ്’ എന്ന നിഗമനത്തിലേക്ക് പത്ര മാദ്ധ്യമക്കാർ എത്തിച്ചേരാറുണ്ട്. അതിനെ ഈ ലേഖനം മുഖവിലയ്‌ക്കെടുക്കാൻ ഉദ്ദേശിയ്ക്കുന്നില്ല. എന്തെന്നാൽ ആർഎസ്എസിൻ്റെ പ്രവർത്തനോദ്ദേശ്യം ശാഖ നടത്തുക എന്നതാണ്. അല്ലാതെ സമരം നടത്തുക എന്നതല്ല. സ്വാതന്ത്യം കിട്ടുന്നതിന് മുമ്പും ശാഖ നടത്തിയിരുന്നു സ്വാതന്ത്ര്യത്തിന് ശേഷവും ശാഖ നടത്തുന്നു. ഇതാണ് ആർഎസ്എസിൻ്റെ ദൈനംദിന പ്രവർത്തനം.

സ്വാതന്ത്ര്യത്തിന് മുമ്പ് കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ഒരു പൊതുവേദി ആയിരുന്നു. ഏവരും സ്വാതന്ത്ര്യ സമരം ചെയ്തിരുന്നത് കോൺഗ്രസ്സിൻ്റെ പേരിലായിരുന്നു. കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും കേൾക്കാൻ മാത്രമേ ബ്രിട്ടീഷുകാർ തയ്യാറായിരുന്നുള്ളൂ. അങ്ങനെയുള്ളപ്പോൾ തുലോം തുച്ഛമായ ആർഎസ്എസ് എന്ന പിച്ച വച്ച് തുടങ്ങിയിട്ടില്ലാത്ത സംഘടന സ്വാതന്ത്ര്യ സമരം ചെയ്യാനിറങ്ങുക എന്ന സംഗതി അചിന്ത്യമാണല്ലോ. എന്നാൽ ആർഎസ്എസ് പ്രവർത്തകർ സ്വാതന്ത്ര്യ സമരം ചെയ്തിട്ടുണ്ട്. അതെക്കുറിച്ചാണ് ഇനി.

ഇന്ന് നമ്മൾ കാണുന്ന ആർഎസ്എസ് ആയിരുന്നില്ല അക്കാലത്തെ ആർഎസ്എസ്. പ്രവർത്തകരും രാഷ്ട്രീയ പിന്തുണയും കുറവായ ഒരു പ്രസ്ഥാനം മാത്രമായിരുന്നു ആർഎസ്എസ്. പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടത്തക്ക പ്രാധാന്യമൊന്നും ആരും ആർഎസ്എസിന് 1938 വരെയും കല്പിച്ചിരുന്നില്ല. അതിനും മാത്രം ആളുകൾ ആർഎസ്എസിൽ ഉണ്ടായിരുന്നില്ല. എന്നാൽ നിരവധി സ്വയംസേവകർ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ പങ്കാളികളായിരുന്നു. അതിൽ പ്രമുഖനാണ് രാജ്ഗുരു. ആ സംഭവം പരിശോധിയ്ക്കാം.

ലാലാജിയുടെ (ലാല ലജ്പത് റായ്) മരണത്തിൽ മനം നൊന്ത, സഹന സമരങ്ങളോട് എതിർപ്പുണ്ടായിരുന്ന അന്നത്തെ ഒരുപറ്റം ഇന്ത്യൻ യുവാക്കൾ ലാലാജിയെ കൊന്ന ലാത്തിച്ചാർജിന് ഉത്തരവിട്ട ബ്രിട്ടീഷ് പൊലീസ് ഓഫീസർ സ്കോട്ട് സായിപ്പിനെ വധിയ്ക്കുവാൻ തീരുമാനമെടുത്തു. അവരായിരുന്നു ഭഗത്സിങ്ങും രാജ്ഗുരുവും മറ്റുമടങ്ങുന്ന സംഘം. സ്കോട്ട് സായിപ്പിനെ കൊല്ലാൻ ഒരുക്കിയ പദ്ധതി പാളുകയും പകരം മറ്റൊരു പൊലീസ് ഓഫീസർ സാൻഡേഴ്‌സ് സായിപ്പ് 1928 ഡിസംബർ 17ന് ഭഗത്സിങ്ജിയുടെ വെടിയേറ്റ് മരണപ്പെടുകയും ചെയ്തു. ഭത്സിങ്ജിയും കൂട്ടരും രക്ഷപ്പെട്ടു.

മോഹിത് ഭാഗ് ശാഖയിലെ സ്വയംസേവക് ആയിരുന്ന രാജ്‌ഗുരു, സാൻഡേഴ്‌സൺ കൊലപാതകത്തിന് ശേഷം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിച്ചേരുകയും ഡോ. ഹെഡ്ഗേവാറിനെ സമീപിയ്ക്കുകയും ചെയ്തു. ഹെഡ്‌ഗേവാര്‍ ഒരു വീട് രാജ്ഗുരുവിന് സംഘടിപ്പിച്ചു കൊടുക്കുകയും പൂനെയിലെ സ്വന്തം വീട്ടിലേക്ക് ഇപ്പോള്‍ പോകരുതെന്ന് നിർദ്ദേശിയ്ക്കുകയും ചെയ്തു. ചരിത്രകാരനായ നരേന്ദ്ര നെഹ്‌വാൾ തൻ്റെ “ഭാരത് വര്‍ഷ് കീ സര്‍വാംഗ് സ്വതന്ത്രത” എന്ന കൃതിയിൽ ഇതൊക്കെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. നാരായണ്‍ ഹരി എഴുതിയ കൃതിയിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്.

1929 ഏപ്രിൽ 8ന് ഭഗത് സിങ്, ബടുകേശ്വർ ദത്ത് എന്നിവർ ചേർന്ന് ലാഹോർ സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ലിയിൽ ബോംബെറിയുകയും അവിടെ പിടി നൽകുകയും ചെയ്തു. രാജ്‌ഗുരുവും പോലീസ് പിടിയിലായി. അങ്ങനെ ബ്രിട്ടീഷ് ജഡ്ജിമാർ ഭഗത്സിങ്ജിയ്ക്കും കൂട്ടർക്കും വധശിക്ഷ വിധിച്ചു. ഈ വധശിക്ഷ പ്രഖ്യാപനം ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ കൂടുതൽ യവ്വനയുക്തവും തീക്ഷ്ണവുമാക്കി

ആർഎസ്എസിനെ നേരിട്ട് സമരങ്ങളിൽ പങ്കാളികളാക്കാതെ പ്രവർത്തകരെ മാത്രം പങ്കാളികളാക്കുന്നതായിരുന്നു ഡോ. ഹെഡ്ഗേവാറിൻ്റെ ശൈലി. രാഷ്ട്രം സ്വതന്ത്രമാകുന്നതിനൊപ്പം രാഷ്ട്രത്തെ നിലനിർത്താനുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ വീക്ഷണം.

1930 ജനുവരി 26 സ്വാതന്ത്ര്യ ദിനമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. അത് ജനങ്ങൾ ഏറ്റെടുത്തു. ഇതേ കോൺഗ്രസ്സ് പ്രവർത്തക സമിതിയാണ് ‘പൂർണ സ്വരാജാണ് കോൺഗ്രസ്സ് പാർട്ടിയുടെ ലക്‌ഷ്യം’ എന്ന് പ്രഖ്യാപിച്ചത്. (സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ശ്രീ. ജവഹർലാൽ നെഹ്‌റു ഈ സംഭവത്തെ ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്)

അതെ ദിവസം മഹാരാഷ്ട്രയിലെമ്പാടുമുള്ള ആര്‍എസ്എസ് ശാഖകളില്‍ ദേശീയ പതാകയെ വന്ദിക്കാന്‍ അന്നത്തെ ആർഎസ്എസ് നേതൃത്വം തീരുമാനമെടുത്തു. എങ്ങും ദേശീയ വികാരം നിറഞ്ഞു നിൽക്കുന്ന തീക്ഷണമായ സമര മുഖങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിലാണ് മറ്റു രൂക്ഷമായ വർഗീയമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.

സാന്‍ഡേഴ്സണെ വധിച്ച കുറ്റത്തിന് 1931 മാർച്ച് 23ന് ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞ് ആർഎസ്എസ് മേധാവി ഹെഡ്ഗേവാര്‍ ദുഃഖിതനായി. അവരുടെ ത്യാഗം വെറുതെയാവില്ലെന്ന് അദ്ദേഹം തൻ്റെ അനുയായികളോട് പറഞ്ഞു. ആർഎസ്എസ് ശാഖകളിൽ ഭഗത്സിങ്ങിൻ്റെയും കൂട്ടരുടെയും അപദാനങ്ങൾ പാടുവാൻ ആരംഭിച്ചു. അവരുടെ വീര ബലിദാനത്തെ പുകഴ്ത്തിപ്പാടിക്കൊണ്ട് തലമുറകളുടെ ഉള്ളിൽ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ ദീപ്ത സ്മരണകളായിരിയ്ക്കുവാനുള്ള പ്രവർത്തനം തുടങ്ങിവച്ചു. ഇന്നും ആർഎസ്എസ് ശാഖകളിൽ മുഴങ്ങുന്ന ഗണഗീതങ്ങളിൽ ഭഗത്സിങ് ഒരു പ്രതീകമാണ്. ഈ ഘട്ടങ്ങളിൽ ആർഎസ്എസിൻ്റെ വളർച്ച മഹാരാഷ്ട്ര പ്രൊവിൻസിൽ ത്വരിതഗതി പ്രാപിച്ചുകൊണ്ടിരുന്നു. അതോടെ ഈ പുതിയ സംഗതിയെ നിരീക്ഷിയ്ക്കാൻ ബ്രിട്ടീഷുകാർ തുനിഞ്ഞു.

സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിൽ ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെടുന്നു എന്നും. രഹസ്യമായി സ്വയംസേവകർ ബ്രിട്ടീഷ് വിരുദ്ധത പടർത്തുന്നുവെന്നും ഇംഗ്ലീഷ് ഇൻ്റലിജൻസിന് വിവരം കിട്ടി. ഇത് ബ്രിട്ടീഷ് ഭരണകൂടത്തിനു രസിക്കാതെ വന്നു. തുടർന്ന് ആർ‌എസ്‌എസിനെ നിരോധിക്കാൻ ക്രിമിനൽ നിയമ ഭേദഗതി നിയമത്തിലെ (1908 ലെ XIV) സെക്ഷൻ 16 ഉപയോഗിക്കാൻ 1939 ജൂണിൽ ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു. ഈ നീക്കം ആർഎസ്എസ് നേതൃത്വത്തെ കൂടുതൽ ജാഗ്രതപ്പെടുത്തി.

1939ലെ വിജയദശമി പഥസഞ്ചലനത്തിൻ്റെ സമാരോപിൽ ആർഎസ്എസിൻ്റെ നാഗ്പൂരിലെ ഒരു നേതാവായിരുന്ന ആർ.എൻ.പദ്ധ്യേയുടെ പ്രസംഗത്തിൽ സംഘടനയുടെ ലക്ഷ്യങ്ങൾ വിവരിച്ചു. അത് ബ്രിട്ടീഷ് ഇൻ്റലിജൻസ് റിപ്പോർട് ചെയ്തിരുന്നു. അവ ഇപ്രകാരമായിരുന്നു.

1) ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളെ ജാതിയുടെയും നിറത്തിൻ്റെയും കെട്ടുപാടുകൾ കൂടാതെ ഒന്നിപ്പിയ്ക്കുക.

2) അവരിലെ പാരമ്പര്യമായ വൈരുദ്ധ്യങ്ങളെ ഒഴിവാക്കി ഐക്യമത്യഭാവം സൃഷ്ടിയ്ക്കുക.

3) ഹിന്ദുത്വത്തിലും ഹിന്ദുസ്ഥാനിലും ആത്മാഭിമാനം തോന്നും വിധം അവരിൽ പുതുഭാവന ഉണ്ടാക്കുക.

പലവിധമായ ഭരണകൂട വിരുദ്ധ സമരങ്ങളിൽ ആർഎസ്എസ് പ്രവർത്തകരുടെ പങ്ക് കണ്ടെത്തിയ ബ്രിട്ടീഷ് ഭരണയന്ത്രങ്ങൾ ഈ സംഘടനയെത്തന്നെ നിരോധിയ്ക്കുന്നതാണ് അഭികാമ്യം എന്ന് കരുതി. എന്നാൽ സംഘത്തെ നിരോധിയ്ക്കുവാനായി പദ്ധതിയിട്ട ബ്രിട്ടീഷ് ഭരണകൂടത്തിന് ഒരു വർഷത്തിനുള്ളിൽ തന്നെ അതിൽ നിന്നും പിൻവാങ്ങേണ്ടി വന്നു. മറാത്തി സെൻട്രൽ പ്രൊവിൻസിലെ ഏറ്റവും ശക്തമായ സംഘടനയായി ആർഎസ്എസ് മാറിയിരുന്നതിനാൽ നിരോധന നടപടികൾ വൻ പ്രതിഷേധത്തിന് കാരണമാകുമെന്നും ഇത് പ്രായോഗികമല്ലെന്നും പ്രവിശ്യയുടെ ചീഫ് സെക്രട്ടറി ജി. എം. ത്രിവേദി 1940 മെയ് 22ന് ബ്രിട്ടീഷ് സർക്കാരിന് കത്തെഴുതിയതായിരുന്നു ഈ പിൻവാങ്ങലിന് കാരണം

പക്ഷെ ഭരണകൂടം പിൻവാങ്ങിയില്ല. ആർഎസ്എസിനെ ഒതുക്കണം എന്നത് ബ്രിട്ടീഷുകാരുടെ താത്പര്യങ്ങളിൽ ഒന്നായിത്തീർന്നു. എന്നാൽ ഈ സംഘടനയുടെ പ്രവർത്തന ശൈലിയെപ്പറ്റി യാതൊന്നും ഭരണകൂടത്തിന് മനസ്സിലായില്ല. 1940 ഓഗസ്റ്റ് 5ന് ഡിഫൻസ് ഓഫ് ഇന്ത്യ നിയമ പ്രകാരം ഡ്രില്ലുകളും, യൂണിഫോമുകൾ ഉപയോഗിച്ചുള്ള വ്യായാമങ്ങളും നിരോധിക്കുന്ന ഒരു ഓർഡിനൻസ് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. ആർഎസ്എസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുവാൻ ഇതിലൂടെ സാധിക്കുമെന്ന് കണക്കുകൂട്ടിയ ബ്രിട്ടീഷ് സർക്കാറിനെ ഞെട്ടിച്ചുകൊണ്ട് നൂറുകണക്കിന് ആർ‌എസ്‌എസ് പ്രവർത്തകർ രംഗത്തിറങ്ങി അറസ്റ്റ് വരിച്ചു. ഇതൊക്കെ മഹാരാഷ്ട്രയ്ക്കു പുറത്തേക്കുള്ള സംഘടനാ വ്യാപനത്തിന് ആക്കം വർദ്ധിപ്പിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസിനെ ബ്രിട്ടീഷ് ഭരണകൂടം വേട്ടയാടുന്ന കാലത്ത് ഇന്ത്യയിൽ നിന്നും രക്ഷപെടാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ സോവിയറ്റ് യൂണിയനിലേക്കുള്ള യാത്ര ആരംഭിയ്ക്കുന്നതിന് മുമ്പായി 1940 ജൂൺ 20ന് നേതാജി സുഭാഷ് ചന്ദ്രബോസ് നാഗ്പൂരിൽ എത്തിച്ചേർന്നു. രോഗാതുരനായ ആർഎസ്എസ് പ്രസിഡണ്ട് ഡോ. ഹെഡ്ഗേവാറിനെ കാണുവാനായിരുന്നു അദ്ദേഹമെത്തിയത്. എന്നാൽ അതീവ ക്ഷീണിതനായി ശയ്യാവലംബിയായിരുന്ന ഹെഡ്ഗേവാർ ഉറക്കമായിരുന്നതിനാൽ സ്ഥലത്തുണ്ടായിരുന്ന ആർഎസ്എസ് പ്രവർത്തകരായ കൃഷ്ണറാവ് പുരാണിക്, യാദവ് റോയി എന്നിവർ ഹെഡ്ഗേവാറിനെ ഉണർത്തുവാൻ തയ്യാറായില്ല.

ഉറങ്ങിക്കിടന്ന ഹെഡ്ഗേവാറിനെ ഒരുനോക്ക് കണ്ടതിന് ശേഷം അവിടെയുള്ളവരോടായി നേതാജി പറഞ്ഞത് ഇപ്രകാരമായിരുന്നു., “ഡോക്ടർജിയുടെ രോഗ വിവരം അറിഞ്ഞ ശേഷം അദ്ദേഹത്തെ ദർശിച്ചു പോകാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ പിന്നീടൊരിക്കൽ അദ്ദേഹത്തെ കാണാൻ വരാം.”

ശേഷം ഡോ. ഹെഡ്ഗേവാർ കണ്ണു തുറന്നപ്പോൾ സുഭാഷ്ജി വന്ന വിവരം അദ്ദേഹത്തെ അറിയിക്കുകയുണ്ടായി. തന്നെ കാണാനെത്തിയ സുഭാഷ് ചന്ദ്ര ബോസുമായുള്ള കൂടിക്കാഴ്ച നടക്കാതെ പോയതിൽ അതീവ ദുഃഖിതനായ ഹെഡ്ഗേവാർ സൂഭാഷ്ജിയുടെ നാമം ഉച്ഛരിച്ചുകൊണ്ടു കൈകൾ ചേർത്ത് പ്രണാമം ചെയ്തു. എന്നാൽ നേതാജി ആഗ്രഹിച്ചതുപോലെയൊരു കൂടിക്കാഴ്ച പിന്നീടൊരിക്കലുമുണ്ടായില്ല. കാരണം പിറ്റേ ദിവസം 1940 ജൂൺ 21 രാത്രി 9.27ന് ഡോ. ഹെഡ്ഗേവാർ ഭാരത ഭൂമിയോട് വിട ചൊല്ലി. തുടർന്ന് ശ്രീ. മാധവ സദാശിവ ഗോൾവൾക്കർ ആർഎസ്എസ്ൻ്റെ നേതൃസ്ഥാനം ഏറ്റെടുക്കുകയും. ആർഎസ്എസിൻ്റെ സംഘടനാ തലത്തിൽ ഗുരുജി എന്ന് അദ്ദേഹം അറിയപ്പെട്ടു.

ക്വിറ്റ് ഇന്ത്യാ സമരങ്ങളിൽ ആർഎസ്എസ് പ്രവർത്തകർക്ക് പങ്കെടുക്കാം എന്ന സംഘടനാ നിലപാട് നിരവധി പ്രവർത്തകരെ സമരത്തിൻ്റെ ഭാഗമാക്കി. 1942ലെ ആര്‍എസ്എസ് പരിശീലന ക്യാമ്പില്‍ അന്നത്തെ സര്‍സംഘചാലക് ഗോള്‍വാള്‍ക്കര്‍ നടത്തിയ സമാരൊപ് ബൗദ്ധിക്കിൽ ഈ നിലപാട് എടുത്തു പറഞ്ഞിരുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരായ ദേശീയ സമരത്തില്‍ ആർഎസ്എസ് പ്രവർത്തകർ അവരുടേതായ ചുമതല വഹിക്കണമെന്നും വേണ്ടി വന്നാല്‍ ജീവന്‍ പോലും സമര്‍പ്പിക്കാന്‍ തയ്യാറാവണം എന്നും ആര്‍എസ്എസ് പ്രമേയം പാസ്സാക്കി. ബ്രിട്ടീഷുകാരെ സഹായിക്കുന്നവരെ അദ്ദേഹം വിമര്‍ശിച്ചു. ഇതൊക്കെ ചരിത്ര രേഖകളിൽ ഉള്ള സംഗതികളാണ്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി 1942ൽ കേരളത്തിലേക്കും മറ്റും ആർഎസ്എസ് പ്രചാരകന്മാർ കടന്നു വരികയുണ്ടായി. ദന്തോപാന്ഥ് ഠേംഗ്ഡിജി എന്ന പ്രചാരകനായിരുന്നു മഹാരാഷ്ട്രയിൽ നിന്നും കോഴിക്കോട്ടെത്തി ആർഎസ്എസിൻ്റെ മലയാള ഭാഷയിലെ ആദ്യ പ്രവര്‍ത്തനം തുടങ്ങി വച്ചത്.

രാം മനോഹർ ലോഹ്യ, ജെ.പി, അച്യുത് പട്‌വർധൻ, അരുണ അസഫലി, ഉഷാ മേത്ത തുടങ്ങിയവർ ‘ആസാദ് ദസ്ത’ എന്ന വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഒളിപ്രവർത്തനത്തിന് നേതൃത്വം നൽകി. മുംബൈ ആസ്ഥാനമായി പ്രവർത്തിച്ച ഈ വിഭാഗം ഒരു അണ്ടർഗ്രൗണ്ട് റേഡിയോ സ്റ്റേഷന് ജന്മം നൽകി. ക്വിറ്റ് ഇന്ത്യ സമരത്തിനിടയിൽ ബോംബെയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൻ്റെ പതാക ഉയർത്തിയ അരുണ അസഫ് അലിയ്ക്കും, സോഷ്യലിസ്റ്റ് നേതാവായിരുന്ന അച്യുത് പട്വര്‍ദ്ധനുമൊക്കെ പോലീസ് പരിശോധനകളിൽ നിന്നും സംരക്ഷണവും അഭയവും നല്‍കിയത് ദല്‍ഹിയിലെ ആര്‍എസ്എസ് നേതാക്കളായിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി ബഡേശ്വറിൽ അക്രമ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഈ അക്രമങ്ങളിലൊന്നും ഭാഗമല്ലാതിരുന്ന, ക്വിറ്റ് ഇന്ത്യാ സമരത്തിൽ മാത്രം പങ്കെടുത്തിരുന്ന ശ്രീ. അടൽ ബിഹാരി വാജ്പേയിയേയും സഹോദരൻ പ്രേമിനെയും, അക്രമം നടത്തി എന്നാരോപിച്ച് ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തു. 24 ദിവസം ജയിൽ വാസം അനുഷ്ടിയ്ക്കവേ അക്രമത്തെക്കുറിച്ചു അന്വേഷണത്തിനായെത്തിയ ഉദ്യോഗസ്ഥർക്ക് വാജ്‌പേയിയുടെ നിരപരാധിത്വം ബോധ്യപ്പെടുകയും, ക്വിറ്റ്ഇന്ത്യാ സമരത്തിൻ്റെ ഭാഗമായിരുന്നു എങ്കിലും, അക്രമങ്ങളിലൊന്നും തനിക്കോ സഹോദരനോ പങ്കില്ല എന്ന് എഴുതി വാങ്ങി അദ്ദേഹത്തെ ജയിൽ മോചിതനാക്കി.

1942ലെ “Note on the organisation aims etc of the Rashtriya Swayam Sewak Sangh” എന്ന പേരിലുള്ള ഇൻ്റലിജൻസ് റിപ്പോർട്ട് ആർഎസ്എസിൻ്റെ ഓരോ പ്രദേശങ്ങളിലുള്ള സംഘടനാ ശക്തിയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദമായ വിവരണങ്ങൾ നൽകുന്നുണ്ട്. സംഘടന ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ ദേശീയതയോടൊപ്പം ആർഎസ്എസ് എങ്ങനെ ചലിയ്ക്കുന്നു എന്ന് അതിൽ ബ്രിട്ടീഷ് ഇൻ്റലിജൻസ് പറയുന്നുണ്ട്. ഹിന്ദുമഹാസഭയുടെ നിയന്ത്രണത്തിലാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നും എന്നാലത് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലന്നും പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു.

ഈ സംഘടന ബ്രിട്ടീഷ് വിരുദ്ധമാണെന്നും ജാപ്പനീസ് അനുകൂലമാണെന്നും ഫാസിസ്റ്റ് പ്രവണതയുള്ളതാണെന്നും (സുഭാഷ് ചന്ദ്രബോസ് നയിക്കുന്ന യുദ്ധത്തിനോട് മമത പ്രകടിപ്പിക്കുന്നതുകൊണ്ടാണ് ജാപ്പനീസ് അനുകൂലമായ സംഘടനയായി ആർഎസ്എസിനെ വിലയിരുത്തിയത്) റിപ്പോർട്ടിലുണ്ട്. രാഷ്ട്രീയ സ്വയംസേവക് സംഘം ഭാവിയിൽ ബ്രിട്ടീഷ് സർക്കാരിന് ഭീഷണിയാകുമെന്നും സംഘടനയെ നിരോധിക്കാനുള്ള തെളിവുകൾ പക്കലില്ലെന്നും അതിനായി കൂടുതൽ കാര്യക്ഷമമായി ഇൻ്റലിജൻസ് നിരീക്ഷണം നടത്തണമെന്നും, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള സംഘടനാ പ്രവർത്തനമാണ് തൽക്കാലം ബ്രിട്ടീഷുകാരെ പ്രകോപിപ്പിക്കാതെ ആർഎസ്എസ് ചെയ്യുന്നത് എന്നും, ആർഎസ്എസ് നേതാവായ പ്രൊഫസർ. ഗോൾവാൾക്കർ “പാകിസ്ഥാൻ” എന്ന ആശയത്തെത്തന്നെ നിരാകരിക്കാൻ ആഹ്വാനം ചെയ്തു എന്നും ആർഎസ്എസിന് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും ഹിംസാത്മകമായ മാർഗത്തിൽ വിശ്വസിക്കുന്നുവെന്നും ഈ റിപ്പോർട്ടിലുണ്ട്.

ബ്രിട്ടീഷ് ഇൻ്റലിജൻസിൻ്റെ നിരീക്ഷണത്തിലായിരുന്ന ആർഎസ്എസ് പ്രവർത്തകനായ ഒരു വിദ്യാർഥി മറ്റൊരു വ്യക്തിയ്ക്കയച്ച കത്ത് ഇൻ്റലിജൻസ് ചോർത്തുകയും അതിലെ വിവരങ്ങൾ പ്രസ്തുത റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു. അത് ഇപ്രകാരമായിരുന്നു. മരണമടഞ്ഞ ആർഎസ്എസ് സ്ഥാപകൻ ഡോക്ടർ ഹെഡ്ഗേവാർ മുമ്പ് നൽകിയിരുന്ന പ്രവർത്തകർക്കുള്ള നിർദ്ദേശത്തിൽ “പട്ടണങ്ങളിൽ 3%വും ഗ്രാമങ്ങളിൽ 1%വും ജനങ്ങളെ അണിനിരത്തി ആർഎസ്എസിൻ്റെ പരിശീലനം നൽകിയാൽ 1942 ആകുമ്പോഴേയ്ക്ക് വിപ്ലവം സാധ്യമാകുമെന്നും അതിനാൽ നാം തയ്യാറായി ഇരിക്കണമെന്നും, സംഘടന ഒരു പടികൂടി വളരുമ്പോൾ അഹിംസ ഒഴിവാക്കി സായുധമായി സ്വാതന്ത്ര്യത്തിനായി പോരാടും എന്നും സംഘം നേരിട്ട് രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നില്ലെന്നും, പ്രവർത്തകർക്ക് ഏത് പാർട്ടിയിലും പ്രവർത്തിക്കാൻ സാധിക്കുമെന്നും താൻ കോൺഗ്രസിലാണ് പ്രവർത്തിക്കുന്നതെന്നും സംഘത്തിൻ്റെ പേരിൽ നേരിട്ടല്ല പ്രവർത്തിക്കുന്നത്” എന്നും കത്തിലുണ്ടായിരുന്നതായി ബ്രിട്ടീഷ് റിപ്പോർട്ട് പരിശോധിച്ചാൽ മനസിലാക്കാം.

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭ കാലത്തെ രക്തരൂക്ഷിതമായ സമരങ്ങളിലൊന്നായിരുന്നു അഷ്ടി – ചിമൂർ പ്രക്ഷോഭം. ബ്രിട്ടീഷ് ഭരണകൂടം പകച്ചുപോയ സായുധ സമരമായിരുന്നു അത്. ക്വിറ്റ് ഇന്ത്യാ മൂവ്മെൻ്റ് പൊളിയ്ക്കുന്നതിൻ്റെ ഭാഗമായി ബ്രിട്ടീഷുകാർ പല തന്ത്രങ്ങളും പ്രയോഗിച്ചു. നികുതിഭാരം ചുമത്തി പ്രക്ഷോഭകരെ സാമ്പത്തികമായി അസ്ഥിരപ്പെടുത്തുക എന്നതായിരുന്നു അതിലൊന്ന്. നിസ്സകരണ പ്രക്ഷോഭത്തില്‍ നിന്ന് മുസ്ലീം ലീഗ് വിട്ടുനില്‍ക്കുന്നു എന്നതിനാൽ ഭീമമായ നികുതികളിൽ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കി അമിതമായ നികുതികൾ ബ്രിട്ടീഷുകാർ ഹൈന്ദവരിൽ അടിച്ചേൽപ്പിച്ചു. (ഹിന്ദുക്കളെ പ്രതിനിധാനം ചെയ്തിരുന്ന ഹിന്ദുമഹാസഭയും ഇതേ രീതിയില്‍ വിട്ടുനിന്നിരുന്നു എന്നത് ബ്രട്ടീഷുകാര്‍ പരിഗണിച്ചുമില്ല.)

ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള നിയമ ലംഘന പ്രസ്ഥാനത്തിന്‍റെ ഭാഗമായി സ്വദേശാഭിമാനികള്‍ നികുതി അടയ്ക്കുന്നതില്‍ നിന്നും വിട്ടുനിന്നിരുന്നു. നികുതി അടയ്ക്കാത്തതിനാല്‍ വന്‍തുക പിഴയാണ് സര്‍ക്കാര്‍ ചുമത്തിയിരുന്നത്. നികുതി അടയ്ക്കാത്തവരെ കൈകാര്യം ചെയ്തു നികുതി വസൂലാക്കാൻ പട്ടാളത്തെ ഇറക്കാൻ ഭരണകൂടം ഒരുമ്പെട്ടു. അത് മഹാരാഷ്ട്രയിലെ ചിമൂറിൽ വലിയ കലാപമുണ്ടാക്കി.

മഹാരാഷ്ട്രയിലെ ഛന്ദ ജില്ലയിലുള്ള 6000 ജനസംഖ്യയുള്ള ഒരു ഗ്രാമമായിരുന്നു ചിമൂർ. അവിടെ ആർ.എസ്.എസിൻ്റെ ശാഖ വളരെ ശക്തമായി പ്രവർത്തിച്ചിരുന്നു. 1942 ആഗസ്റ്റ് 19ന് നികുതി നല്കാത്തവരെ കൈകാര്യം ചെയ്യാൻ ചിമൂറിൽ ബ്രിട്ടീഷ് പട്ടാളമെത്തി. അവര്‍ ആദ്യമേതന്നെ ഈ പ്രദേശങ്ങളിലുള്ള ആണുങ്ങളെ എല്ലാം അറസ്റ്റ് ചെയ്യുകയും വീടുകളില്‍ സ്ത്രീകളും കുട്ടികളും മാത്രമായി മാറുകയും ചെയ്തു. നികുതിയും പിഴയും ഈടാക്കുന്നതിനായി “മെഹര്‍ ശിപായികളും” പട്ടാളക്കാരും വീടുകൾ കൊള്ളയടിച്ചു. വീട്ടുപകരണങ്ങള്‍ വലിച്ചു വാരിയിട്ടു, മോഷണം നടത്തി, മൂര്‍ത്തീ വിഗ്രഹങ്ങള്‍ തച്ചുടച്ചു. ചില ശിപായികള്‍ ബ്രാഹ്മണരുടെ പൂണൂല്‍ പൊട്ടിച്ചു, മറ്റു ചിലര്‍ സ്തീകളെ ബലാല്‍സംഗം ചെയ്തു. ബ്രിട്ടീഷ് സേനയില്‍ നിന്ന് രക്ഷപെടാനായി സ്ത്രീകള്‍ വൈക്കോല്‍ക്കൂനക്കടിയിലും മറ്റും ഒളിച്ചിരിക്കുകയും 20-30 പേരുടെ സംഘമായി നിലകൊള്ളുകയും ചെയ്തു. 12 വയസ്സ് മുതലുള്ള സ്ത്രീകളും ഗര്‍ഭിണികളും പീഡനത്തിനിരയായി. ആഗസ്റ്റ് 21വരെ ഇത്തരം അക്രമങ്ങൾ നടന്നു. ഈ അതിക്രമങ്ങളുടെ വിവിധ റിപ്പോര്‍ട്ടുകള്‍ ആര്‍ക്കൈവുകളില്‍ ലഭ്യമാണ്.

ആഗസ്റ്റ്‌ 22ന് തൊട്ടടുത്ത അഷ്ടി, രാംടെക്, അമ്പാല എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കോൺഗ്രസുകാരും, ആർഎസ്എസുകാരും, ഹിന്ദുമഹാസഭക്കാരും കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്ന ചില മുസ്ലീങ്ങളുമുൾപ്പടെ സംഘടിച്ച് പ്രത്യാക്രമണം ആരംഭിച്ചു. 500ഓളം വരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും മൈന്‍ തൊഴിലാളികളും കമ്പിപ്പാരയുമായി റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഇരച്ചു കയറി. ആദ്യമേ തന്നെ അവര്‍ ടെലിഗ്രാഫിക് കമ്പികള്‍ മുറിച്ചു. മണ്ണെണ്ണ ഒഴിച്ച് സ്റ്റേഷന്‍ തീയിടുകയും കമ്പിപ്പാര ഉപയോഗിച്ച് റെയില്‍പാതകള്‍ നശിപ്പിക്കുകയും ചെയ്തു. അപ്പോഴേയ്ക്കും നാഗ്പൂരില്‍ നിന്നുള്ള ട്രെയിന്‍ വരികയും ജനങ്ങളെ ഇറക്കിയശേഷം ബോഗികള്‍ക്ക് തീയിടുകയും ചെയ്തു. ചിമൂറിലെ കലാപത്തില്‍ 4 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്

അതിനിടയില്‍ അവിടെയെത്തിയ പോലീസ് സബ് ഇന്‍സ്പെക്ടറെ ജനം ബന്ദിയാക്കിരുന്നു. അതോടൊപ്പം രാംടെക് പോലീസ് സ്റ്റേഷനിലേയ്ക്ക് നാഗ്പൂര്‍ ട്രെയിനില്‍ വന്ന മറ്റൊരു പോലീസ് സബ് ഇന്‍സ്പെക്ടറെയും ജനം ബന്ദിയാക്കി. അവരെ രണ്ടുപേരുടേയും യൂണിഫോം ഊരി ഗാന്ധിത്തൊപ്പികള്‍ ധരിപ്പിച്ച് ജാഥയായി ടൌണിലേയ്ക്ക് പ്രക്ഷോഭകര്‍ പോയി. അവര്‍ പോലീസ് സ്റ്റേഷനും തഹസീല്‍ദാരുടെ കെട്ടിടത്തിനും അടുത്തെത്തിയപ്പോള്‍ മറ്റൊരു വലിയ ജനക്കൂട്ടം അവരെ വളഞ്ഞു. ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കാതെ പോലീസുകാരെ പ്രക്ഷോഭകര്‍ ഉപേക്ഷിക്കുകയും പോലീസ് സ്റ്റേഷനും തഹസീല്‍ കെട്ടിടവും പോസ്റ്റ്‌ ഓഫീസും അവര്‍ നശിപ്പിച്ച് തീയിടുകയും ചെയ്ത ശേഷം അമ്പാലയിലേയ്ക്ക് തിരിച്ചു.

അമ്പാലയില്‍ തുടര്‍ച്ചയായ രണ്ടു ദിവസം നികുതി പിരിക്കുന്ന ശിപായികളുടെ തേര്‍വാഴ്ച നടന്നിരുന്നു. അവര്‍ സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന വീടുകളില്‍ ഉള്‍പ്പെടെ ആക്രമിച്ച് കയറുകയും. നിരവധി സ്ത്രീകളെ ഉപദ്രവിയ്ക്കുകയും, കുടിവെള്ള ടാങ്കിനുള്ളില്‍ കുളിക്കുകയും ക്ഷേത്രത്തില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തിരുന്നു. അമ്പാലയിൽ നിന്നും പോലീസിനെയും മറ്റും തുരത്തിയപ്പോഴേയ്ക്കും അഷ്ടി ഭാഗത്ത് പ്രക്ഷോഭകർ സംഘടിച്ചിരുന്നു.

അഷ്ടിയിലെ പ്രക്ഷോഭകർ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ഇതോടെ ജനങ്ങള്‍ക്കു നേരെ പോലീസ് വെടിവെക്കുകയും ഒരു മുസ്ലീമായ പ്രക്ഷോഭകൻ കൊല്ലപ്പെടുകയും ചെയ്തു. രംഗം വഷളായപ്പോൾ എസ്‌ഐ ഉള്‍പ്പെടെയുള്ള 5 പോലീസുകാരെ ജനക്കൂട്ടം കൊല്ലുകയും പോലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു. സ്കൂളുകളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കി. തുടര്‍ന്ന് പ്രക്ഷോഭകര്‍ നാഗ്പൂരില്‍ നിന്നുള്ള വാഹന ഗതാഗതം തടസ്സപ്പെടുത്താന്‍ വഴിനീളെ മരങ്ങള്‍ മുറിച്ചിടുകയും പാലം നശിപ്പിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ പകുതിക്കു ശേഷമാണ് ഈ പ്രദേശങ്ങളില്‍ ബ്രട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് കടക്കാനെങ്കിലുമായത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയ ശേഷം സംഭവത്തിൽ അറസ്റ്റുകൾ നടന്നു. അതിൽ പ്രധാനപ്പെട്ടതാണ് നായിക് കുടുംബത്തില്‍പ്പെട്ട 3 പേരെ അറസ്റ്റ് ചെയ്തത്. ഈ കൂട്ടത്തിലെ ദാദാ നായിക്കിനെതിരെ കൊലപാതകം ഉൾപ്പെടെ കടുത്ത കുറ്റങ്ങള്‍ ചുമത്തപ്പെട്ടു. അദ്ദേഹം ആർഎസ്എസ് ചുമതല വഹിയ്ക്കുന്ന വ്യക്തിയായിരുന്നു.

ആഗസ്റ്റ്‌ 19 മുതല്‍ 27 വരെ ചിമൂറില്‍ നിന്ന് 171 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ്‌ 27ന് ശേഷം കലാപകാരികള്‍ എന്നാരോപിച്ച് 150 ലേറെപ്പേരെ അറസ്റ്റ് ചെയ്തു. നിരവധി ആളുകൾക്ക് കടുത്ത ശിക്ഷയും 14 പേർക്ക് വധശിക്ഷയും വിധിക്കപ്പെട്ടു. വധശിക്ഷക്ക് വിധിക്കപ്പെട്ടവരിൽ 5 ആളുകളുടെ പേരു വിവരങ്ങൾ ഇന്ന് ലഭ്യമാണ് അതിൽ പ്രധാനിയാണ് ആർ. കെ. ദേശ്പാണ്ഡെ എന്ന ആർഎസ്എസ് പ്രവർത്തകൻ.

ഈ സംഭവങ്ങൾ അഷ്ടി – ചിമൂർ പ്രക്ഷോഭം എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിയ്ക്കുന്നത്. ഇതിനിടയായ ബ്രിട്ടീഷ് അതിക്രമങ്ങള്‍ അന്വേഷിക്കാനായി യുണൈറ്റഡ് കമ്മീഷന്‍ കമ്മീഷൻ നിയമിയ്ക്കപ്പെട്ടു. തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു. റിപ്പോർട്ടുകളിലെ വിവിധ ഇടങ്ങളിലായി പ്രക്ഷോഭങ്ങളിൽ ആർ.എസ്.എസിൻ്റെ പങ്കാളിത്തം വ്യക്തമാക്കുന്ന നിരവധി പരാമർശങ്ങളുണ്ട്. കലാപകാരികളായ ആർഎസ്എസ് നേതാക്കളെപ്പറ്റി വിവരിയ്ക്കുന്ന ഈ റിപ്പോർട്ടിൽ ഇങ്ങനെ പരാമർശിച്ചിരിയ്ക്കുന്നു. “The reason why all these pleaders have taken so much interest in the matter is firstly that they are all members of the Hindu Maha sabha and the R.S.S” (Reference-2.5)

കൃത്യമായ രേഖകളും റഫറൻസും ഉൾപ്പെട്ട ഈ സംഗതികൾ നാഷണൽ ആർകൈവ്സിൽ പോയി പ്രൈമറി സോഴ്സിൽ നിന്ന് തന്നെ നേരിട്ട് കണ്ട് ബോദ്ധ്യപ്പെടാൻ താത്പര്യമുള്ളവർക്ക് അങ്ങനെയാകാം. അല്ലെങ്കിൽ ഈ വാസ്തവങ്ങളൊക്കെ നുണയാണെന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിപ്പിച്ച് തഖിയകളുടെ കൂമ്പാരങ്ങൾ സൃഷ്ടിയ്ക്കാം. രണ്ടായാലും ആർഎസ്എസിന് ഒരു ചുക്കുമില്ല.

സ്വാതന്ത്ര്യ സമരത്തിൽ നിരവധിയായ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തങ്ങൾ ചെയ്തു പോരാടിയ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സംഭാവനകൾ, പ്രത്യയ ശാസ്ത്രപരമായ പിടിവാശികളാൽ രാജ്യത്തിൻ്റെ ചരിത്രം പരിച്ഛേദനം ചെയ്യുന്ന കഷ്മല ചിത്തന്മാരുടെ കുടിലമായ അജണ്ടകളിൽ പെട്ട് തമസ്കരിക്കപ്പെടേണ്ടതല്ല എന്ന ബോദ്ധ്യം ഓരോ സ്വയംസേവകർക്കുമുണ്ട്. ഭാരത സ്വാതന്ത്ര്യത്തിനായി ബലി പീഠങ്ങളിൽ സ്വയമർപ്പിച്ച ധീര സ്വയംസേവകരുടെ സ്മരണയിൽ ഈ ചരിത്ര ലേഖനം സമർപ്പിക്കുന്നു.

തുടരും….

Related Articles

Latest Articles