കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം (Russia-Ukraine War) മൂന്നാം ദിനവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ജീവൻ പോകുംവരെയും പോരാടുമെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി വ്യക്തമാക്കിയത്. അതേസമയം റഷ്യൻ സൈനിക വിമാനത്തെ വെടിവെച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. കീവിൽ നിന്ന് 40 കിലോമീറ്റർ അകലെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന നഗരമായ വാസിൽകിവിന് സമീപമാണ് വിമാനം തകർത്തതെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു.
യുക്രെയ്‌നിന്റെ മിലിട്ടറി ജനറൽ സ്റ്റാഫിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റഷ്യൻ സൈനിക ഗതാഗത വിമാനമായ ഐഎൽ-76 എയർക്രാഫ്റ്റാണ് യുക്രെയ്‌നിന്റെ പാരാട്രൂപ്പ് സംഘം തകർത്തതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടിട്ടല്ല. അതേസമയം വിമാനം തകർന്നുവെന്ന വിവരം സ്ഥിരീകരിക്കാൻ റഷ്യ തയ്യാറായിട്ടില്ല. ഇതിനിടെ ഒഡേസ തുറമുഖത്തിന് സമീപം രണ്ട് കപ്പലുകൾ റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്നതായി യുക്രെയ്ൻ അറിയിച്ചു. മാൾഡോവിന്റെയും പനാമയുടേയും രണ്ട് കപ്പലുകൾ റഷ്യ നശിപ്പിച്ചുവെന്നാണ് യുക്രെയ്ൻ അറിയിച്ചത്.
അതേസമയം യുക്രെയ്‌നിൽ നിന്നും രക്ഷപെട്ടുവെന്ന പ്രചാരണം തള്ളി പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി രംഗത്തുവന്നു. യുക്രെയ്‌നിൽ നിന്നും എങ്ങോട്ടും പോയിട്ടില്ലെന്നും ഇവിടെ തുടർന്ന് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നും സെലൻസ്‌കി വ്യക്തമാക്കി. റഷ്യയെ ശക്തമായി പ്രതിരോധിക്കും. താൻ ബങ്കറിലേക്ക് ഒളിച്ചോടിയെന്ന വാർത്ത വ്യാജമാണെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. യുക്രെയ്‌ന്റെ തലസ്ഥാനമായ കീവ് കൈവിട്ട് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരി വിട്ടുകൊടുക്കില്ല. ബങ്കറിലേക്ക് സെലൻസ്‌കി കടന്നുവെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് യുക്രെയ്ൻ ജനതയ്‌ക്കെന്ന പേരിൽ സെലൻസ്‌കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

