Thursday, May 9, 2024
spot_img

റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനി അന്തരിച്ചു ! നാൽപത്തി ഏഴാം വയസ്സിലെ അപ്രതീക്ഷിത മരണം ജയിലിൽ തടവ്ശിക്ഷ അനുഭവിച്ച് വരവേ

റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനി(47) അന്തരിച്ചു. ആർക്ടിക് പ്രിസൺ ജയിലിൽ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നും മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമാണ് ജയിൽ അധികൃതർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നത്.

2021 ഫെബ്രുവരിയിലാണ് നവൽനി അറസ്റ്റിലാകുന്നത്. അഭിഭാഷകനായിരുന്ന നവൽനി 2008 മുതലാണ് റഷ്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. കൃത്രിമം നടന്നുവെന്ന് ആരോപണമുയർന്ന 2011ലെ ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ജനകീയ പ്രക്ഷോഭങ്ങളിലും നവൽനി തിളങ്ങി.

കിറോവിലെ സർക്കാർ വക തടി കമ്പനിയിൽനിന്ന് തടി മോഷ്‌ടിച്ചുവെന്നു കുറ്റം ചുമത്തി 2013ൽ അഞ്ചുവർഷം തടവ് വിധിച്ചുവെങ്കിലും പിന്നീട് കോടതി അദ്ദേഹത്തെ നിരുപാധികം മോചിപ്പിച്ചു. 2018 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുട്ടിനെതിരെ നവൽനി മത്സരിച്ചിരുന്നു.

സൈബീരിയയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, 2020 ഓഗസ്റ്റ് 20ന് നവൽനി വിഷപ്രയോഗത്തിനിരയായി.യാത്രയ്ക്കിടെ ബോധരഹിതനായി വീണ അദ്ദേഹത്തെ അടിയന്തര ലാൻഡിങ് നടത്തി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ജർമനിയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം 2021 ജനുവരി 17നു റഷ്യയിൽ മടങ്ങിയെത്തിയെങ്കിലും മുൻ ജയിൽവാസകാലത്തു പരോൾ ചട്ടലംഘനം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായി. ഈ കേസിൽ നവൽനി മൂന്നരവർഷം തടവിനു ശിക്ഷിക്കപ്പെട്ടു. കോടതിക്കെതിരെ നടത്തിയ വിമർശനങ്ങളുടെ പേരിൽ കോടതിയലക്ഷ്യത്തിന്റെയും അഴിമതിവിരുദ്ധ പ്രവർത്തനത്തിനു ലഭിച്ച 47 ലക്ഷം ഡോളർ തട്ടിയെടുത്തെന്ന പേരിൽ അഴിമതിയുടേയും പേരുകളിൽ 2022ൽ 9 വർഷം തടവിനു ശിക്ഷിച്ചു. ഇതിന് പുറമെ 2023ൽ തീവ്രവാദപ്രവർത്തനങ്ങൾക്കു സാമ്പത്തികസഹായം നൽകിയെന്ന കേസിൽ 19 വർഷം കൂടി തടവ് വിധിച്ചു. ഇതിനിടെ നവൽനി ജയിലിൽ നിന്ന് അപ്രത്യക്ഷനായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

Related Articles

Latest Articles