പത്തനംതിട്ട: ശബരിമല അയ്യപ്പന് സ്വർണകിരീടം സമർപ്പിച്ച് ആന്ധ്രാ സ്വദേശി. കോവിഡ് മഹാമാരിയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് നന്ദി സൂചകമായാണ് അയ്യപ്പന് കാണിക്കയായി നൽകിയത്.
ബിസിനസുകാരനായ കർണൂൽ ജില്ലക്കാരൻ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്നങ്ങൾ പതിപ്പിച്ച സ്വർണ കിരീടം ഭഗവാന് സമർപ്പിച്ചത്. ഇദ്ദേഹം 30 വർഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ വണങ്ങിയിരുന്നയാളാണ്.
മാത്രമല്ല സുബ്ബയ്യ ദിവസങ്ങൾക്ക് മുൻപ് കോവിഡ് മൂർച്ഛിച്ച് 15 ദിവസത്തളം ഐ സി യുവിൽ മരണവുമായി മല്ലിട്ടു. അന്ന് നേർന്നതാണ് അയ്യപ്പന് സ്വർണകിരീടം. ഇതേതുടർന്ന് കേരള ഹൈക്കോടതി അഭിഭാഷകനായ ലൈജു റാമിന്റെ സഹായത്തോടെ ശബരിമല അധികൃതരുമായി ബന്ധപ്പെട്ടാണ് കിരീട സമർപ്പണത്തിന് അവസരമൊരുക്കിയത്.
അതേസമയം ഇത് 50 ലക്ഷം രൂപയിലേറെ മൂല്യം കണക്കാക്കുന്നു. ചുറ്റും വജ്രക്കല്ലുകളും നടുവില്‍ ചുവന്നരത്നവും കിരീടത്തിൽ പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, ബോര്‍ഡംഗം മനോജ് ചരളേല്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാരിയര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അയ്യന് കിരീടം സമര്‍പ്പിച്ചത്.

