ശബരിമലയിൽ തീർത്ഥാടകർ കുറവ്; വരുമാനത്തിൽ വൻ ഇടിവ്; പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞ് ദേവസ്വം ബോർഡ്

0
pambanjunangar-bridge
pambanjunangar-bridge

തിരുവനന്തപുരം: ശബരിമലയിലെ വരുമാനക്കുറവ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ (Travancore Devaswom Board) പ്രതിസന്ധിയിലാക്കുന്നു. കോവിഡും പ്രളയവും വരുത്തിവച്ച വരുമാനനഷ്ടം ചില്ലറയൊന്നുമല്ല. എന്നാൽ അതിനുപുറമെ തീർത്ഥാടത്തിന്റെ ഭാഗമായി ഭക്തർ ആചരിച്ചു പോരുന്ന പമ്പാ സ്‌നാനം, ബലിതർപ്പണം, നീലിമല കയറ്റം, അപ്പാച്ചിമേട്ടിലെ വഴിപാട്, ശബരിപീഠത്തിലെ ശരണവഴിപാട്, ശരംകുത്തിയിലെ ശരക്കോൽ തറക്കൽ, ഭസ്മക്കുളത്തിലെ തീർത്ഥസ്‌നാനം എന്നിവയ്ക്കു പുറമേ നെയ്യഭിഷേകവും വിലക്കിയതാണ് തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമെന്നാണ് അനുമാനം.

നിത്യേന 30000 തീർത്ഥാടകർക്കാണ് സന്നിധാനത്ത് ദർശനം നടത്താൻ സർക്കാരും ദേവസ്വം ബോർഡും അനുമതി നൽകിയിരിക്കുന്നത്. എന്നാൽ മണ്ഡലകാലം ആരംഭിച്ചതുമുതൽ ഇതുവരെ നാലായിരം മുതൽ 6000 വരെ തീർത്ഥാടകരാണ് ശബരിമലയിൽ ഒരു ദിവസം എത്തിയത്. അന്യ സംസ്ഥാനത്തു നിന്നും കേരളത്തിനകത്തുനിന്നും ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തിലെ കുറവ് ദേവസ്വം ബോർഡിന്റെ വരുമാനത്തിലും കടുത്ത ഇടിവാണ് ഉണ്ടാക്കിയത്.

അപ്പാച്ചിമേട്ടിൽ ഭക്തർക്ക് ഉണ്ട ഏറ് വഴിപാട് നടത്താനും കഴിയുന്നില്ല. കന്നി അയ്യപ്പൻമാർ ശരംകുത്തിയിൽ ആചാരപരമായി കുത്തേണ്ട ശരക്കോലുകൾ അവിടേക്ക് പോകാൻ കഴിയാത്തതിനാൽ മരക്കൂട്ടത്ത് ഉപേക്ഷിച്ചിട്ട് പോവുകയാണ് ചെയ്യുന്നത്. അതേസമയം ഇക്കുറി തീർത്ഥാടന കാലയളവിൽ ഓൺലൈൻ ബുക്കിംഗ് വഴിയും സ്പോർട്സ് ബുക്കിംഗ് ഉൾപ്പെടെ വളരെ കുറച്ചു പേർക്കാണ് പ്രവേശനം നൽകുന്നത്. ഒരുദിവസം പതിനായിരത്തിൽ താഴെ മാത്രമാണ് ബുക്കിംഗ്. ഇതിൽ 70 ശതമാനം പേരാണ് ദർശനത്തിനെത്തുന്നത്. നട തുറന്ന് അഞ്ച് ദിവസം പിന്നിട്ട ശനിയാഴ്ച വരെ 52,234 പേർ ബുക്ക് ചെയ്തപ്പോൾ 45,383 പേരാണ് ദർശനത്തിനെത്തിയത്. ഇതെല്ലാം വരുമാനത്തിൽ വൻ ഇടിവാണ് ഉണ്ടാക്കിയത്.

അതേസമയം ശബരിമല തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ വൻകുറവ് കെ.എസ്.ആർ.ടി.സിയെയും ആശങ്കയിലാക്കി. മുൻ വർഷങ്ങളിൽ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് നിത്യേന 50 മുതൽ 60 വരെ സർവീസാണ് നടത്തിയിരുന്നത്. ഈ മണ്ഡലകാലത്ത് പരമാവധി 8 മുതൽ 12 വരെ സർവീസാണ് ഇതുവരെ നടത്താൻ കഴിഞ്ഞത്. ടിക്കറ്റ് വരുമാനം പരമാവധി 2 ലക്ഷം രൂപയാണ് ഇതുവരെ ഒരു ദിവസത്തെ കളക്ഷനായി ലഭിച്ചത്. വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചില്ലെങ്കിൽ കെ.എസ്.ആർ.ടി.സി നിലയ്ക്കൽ, പമ്പ സർവീസുകൾ ചെങ്ങന്നൂരിൽ നിന്ന് ഭാഗികമായി പിൻവലിക്കാനും അലോചിക്കുന്നുണ്ട്. നിലവിൽ 35 ബസുകളാണ് ചെങ്ങന്നൂരിൽ പമ്പാ സർവീസിനായി എത്തിച്ചിട്ടുള്ളത്. തീർത്ഥാടകരുടെ എണ്ണം കൂടുന്നതനുസരിച്ച് പത്ത് ബസുകളും കൂടുതൽ ജീവനക്കാരെയും ചെങ്ങന്നൂരിൽ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ തീർത്ഥാടകരുടെ ഗണ്യമായ കുറവ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടൽ തകിടം മറിച്ചിരിക്കുകയാണ്.