പമ്പ: പത്ത് നാള്‍ നീണ്ട് നില്‍ക്കുന്ന പൈങ്കുനി ഉത്രം ഉത്സവത്തിന് ശബരിമലയിൽ കൊടിയേറി. തന്ത്രി കണ്ഠരര് രാജീവരാണ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചത്. ഇന്ന് രാവിലെ 7.20നും 8.30നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് കൊടിയേറ്റ് നടന്നത്.

കിഴക്കേ മണ്ഡപത്തില്‍ പത്മമിട്ട് കൊടിക്കൂറ വച്ച് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പുണ്യാഹം തളിച്ച ശേഷം ശ്രീകോവിലില്‍ എത്തിച്ച് വാജി വാഹന ചൈതന്യത്തെ കൊടിക്കൂറയിലെക്കാവാഹിച്ച് , വിളക്ക് വച്ച് പാണി കൊട്ടി കൊടിമരച്ചുവട്ടിലേക്ക് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് എഴുന്നള്ളിച്ചു. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ ധ്വജപൂജ നടത്തി കൊടിക്കുറ കൊടികയറുമായി ബന്ധിച്ച് പൂമാലയും മണിയും കെട്ടി നീരാഞ്ജനമുഴിഞ്ഞ് കൊടിയേറ്റി. നിവേദ്യം നടത്തി കൊടിമരച്ചുവട്ടിൽ ദീപാരാധന നടത്തിയതോടെ കൊടിയേറ്റ് കര്‍മ്മ ചടങ്ങ് പൂര്‍ത്തിയായി.

അന്യസംസ്ഥാനത്തുനിന്നുമുള്ള ഭക്തരുടെ തിരക്കാണ് രാവിലെ സന്നിധാനത്ത് അനുഭവപ്പെട്ടത് .ഈ മാസം 21 നാണ് പമ്പയിൽ ആറാട്ട് .