Sunday, May 5, 2024
spot_img

ശബരിമല യുവതീ പ്രവേശനം: വിധിപ്രഖ്യാപനം രാവിലെ 10.30-ന്; പ്രാര്‍ഥനയോടെ വിശ്വാസികള്‍

ദില്ലി: സുപ്രീംകോടതിയിൽ ഇന്ന് നിർണായക വിധി ദിനം. ശബരിമല യുവതീ പ്രവേശന റിവ്യൂ ഹർജികളിലുള്ള വിധി ഇന്ന് സുപ്രീം കോടതി പ്രസ്താവിക്കും. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28-ലെ വിധിക്കെതിരെ വിവിധ സംഘടനകളും വ്യക്തികളും നൽകിയ അമ്പത്തഞ്ചിലേറെ ഹർജികളിലാണ്‌ ഇന്ന് തീർപ്പുകല്പിക്കുന്നത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജഡ്ജിമാരായ ആർ എഫ്. നരിമാൻ, എ എം. ഖാൻവിൽക്കർ, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂ ഹർജികൾ കേട്ടത്. ഇന്ന് രാവിലെ 10. 30 നു വിധി പ്രസ്താവിക്കും.

ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം വാദം കേട്ടശേഷമാണ് അഞ്ചംഗ ബഞ്ച് വിധിപറയാന്‍ മാറ്റിയത്. സ്ത്രീപ്രവേശവിധി പറഞ്ഞ ബെഞ്ചിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പകരമെത്തിയത്.

അതേസമയം, വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അക്രമങ്ങളോ വ്യാജ പ്രചാരണങ്ങളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ശബരിമല വിധിയെ സംബന്ധിച്ച് സമൂഹ മാദ്ധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷ പ്രചരണങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.

Related Articles

Latest Articles