സന്നിധാനം: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം അഞ്ചുമണിയോടെ തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. രാത്രി പത്ത് മണിക്ക് ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

വലിയ ഭക്തജന തിരക്ക് സന്നിധാനത്തില്ലെങ്കിലും കനത്ത സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. നാളെ പുലര്‍ച്ചെ അഞ്ചിന് മഹാഗണപതിഹോമത്തോടെ പതിവു പൂജകള്‍ ആരംഭിക്കും. കുംഭമാസ പൂജകള്‍ക്ക് ശേഷം 17നു രാത്രിയാണ് നട അടയ്ക്കുന്നത്.

സുരക്ഷ ശക്തമാക്കിയതിന്‍റെ ഭാഗമായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് 700 അംഗ പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഓരോ എസ്പിമാരും അവരോടൊപ്പം രണ്ട് ഡിവൈഎസ്പിമാര്‍ വീതവും ചുമതലയേറ്റിട്ടുണ്ട്. നാലു വീതം സിഐമാരും എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടിയിലുണ്ടാകും.

അതേസമയം, ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ആക്ടിവിസ്റ്റുകളായ യുവതികളെ സന്നിധാനത്തെത്തിക്കാന്‍ വീണ്ടും ശ്രമം നടക്കുന്നതായാണ് സൂചന. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ് കഴിഞ്ഞ ദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് മുതല്‍ നട അടയ്ക്കുന്ന ഈ മാസം 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് പോലീസിന്‍റെ ആവശ്യം.