ശബരിമലയിലെ മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി കാത്തിരിക്കുന്ന ഭക്തർക്ക് ദർശനത്തിനായുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ ഇന്ന് (2026 മാർച്ച് 27) വൈകുന്നേരം 5 മണി മുതൽ ബുക്ക് ചെയ്യാം. ഔദ്യോഗിക വെബ്സൈറ്റായ www.sabarimalaonline.org വഴി ഭക്തർക്ക് തങ്ങൾക്കാവശ്യമായ സമയക്രമം മുൻകൂട്ടി നിശ്ചയിക്കാം. മേടമാസ പൂജകൾക്കായി ഏപ്രിൽ 10-ന് വൈകിട്ട് 5 മണിക്കാണ് നട തുറക്കുന്നത്. ഏപ്രിൽ 18-ന് രാത്രി 10 മണിക്ക് പൂജകൾ പൂർത്തിയാക്കി നട അടയ്ക്കുന്നതുവരെ ഭക്തർക്ക് ദർശനത്തിന് അവസരമുണ്ടാകും.
വിഷു പ്രമാണിച്ച് ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ദർശനം അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. വിഷുക്കണി ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് നടന്നു വരുന്നത്. തീർത്ഥാടകർ ബുക്കിംഗ് സമയത്ത് ലഭിക്കുന്ന രേഖകളും തിരിച്ചറിയൽ രേഖയും ദർശന വേളയിൽ കരുതേണ്ടതാണ്.

