Sunday, May 5, 2024
spot_img

വിൻഡീസിനെതിരെ സഞ്ജു ഓപ്പണറാകട്ടെ, അഭിപ്രായവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർ എം.എസ്.കെ. പ്രസാദ്

മുംബൈ : നടക്കാനിരിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെ നായകൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറക്കണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർ എം.എസ്.കെ. പ്രസാദ്. മധ്യനിരയിൽ റൺ റേറ്റ് ഉയർത്താൻ ശേഷിയുള്ള വമ്പനടിക്കാരൻ സൂര്യകുമാർ യാദവിന്റെ സാന്നിധ്യമാണ് സഞ്ജുവിനെ ഓപ്പണിങ് പൊസിഷനിൽ കളിപ്പിക്കാൻ പ്രസാദിനെ പ്രേരിപ്പിക്കുന്നത്.

‘‘ മധ്യനിരയിൽ ഇപ്പോൾ സൂര്യകുമാർ യാദവുണ്ട്. സഞ്ജുവും സൂര്യയും തമ്മിൽ ഒരു മത്സരം ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. സഞ്ജു തീർച്ചയായും ഒരു ടോപ് ഓർഡർ‌ ബാറ്ററാണ്. സൂര്യ നാലോ, അഞ്ചോ ആയൊക്കെയാണു കളിക്കുന്നത്. രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് ബാറ്ററായും നിങ്ങൾക്കു സഞ്ജു സാംസണെ കാണാന്‍ സാധിക്കും.’’– എം.എസ്.കെ. പ്രസാദ് പറഞ്ഞു.

അതേസമയം നിലവിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ശുഭ്മൻ ഗില്ലിനെ അടക്കം ഒഴിവാക്കി സഞ്ജുവിനെ ഓപ്പണറാക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓപ്പണിങ് പൊസിഷനിൽ കളിക്കാൻ ശേഷിയുള്ള ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരും വെസ്റ്റിൻഡീസിനെതിരായ ഏകദിന ടീമിലുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കായി ഡൊമീനിക്കയിലാണ് നിലവിൽ ഇന്ത്യൻ ടീമുള്ളത്.

നാളെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെയാണ് വെസ്റ്റിൻഡീസ് പര്യടനം തുടങ്ങുന്നത്. ജൂലൈ 27, 29, ഓഗസ്റ്റ് 1 ദിവസങ്ങളിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങൾ ടീമിൽ ഇല്ലാത്തതിനാൽ സഞ്ജു കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവുണ്ട്. വിൻഡീസ് പരമ്പരയിൽ തിളങ്ങാൻ സാധിച്ചാൽ ഒക്ടോബറിൽ ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും സഞ്ജുവിനെ പരിഗണിച്ചേക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത് .

Related Articles

Latest Articles