തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനും മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ, ചടങ്ങിന്റെ വേദിയിലെ പ്രോട്ടോക്കോളിനെച്ചൊല്ലി രാജ്ഭവനും പൊതുഭരണവകുപ്പും തമ്മിൽ ഭിന്നത. നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയിൽ മുഖ്യമന്ത്രി, നിയുക്ത മന്ത്രിമാർ, ചീഫ് സെക്രട്ടറി എന്നിവർ മാത്രമേ ഉണ്ടാകാവൂ എന്ന് ഗവർണറുടെ ഓഫീസ് (രാജ്ഭവൻ) കനത്ത നിർദ്ദേശം നൽകി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ ക്ഷണിക്കപ്പെട്ട മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തുന്നുണ്ടെന്നും അവർക്ക് വേദിയിൽ സ്ഥാനം നൽകണമെന്നും പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു. എന്നാൽ ഔദ്യോഗിക ചടങ്ങിന്റെ വേദിയിൽ മറ്റാർക്കും പ്രവേശനം നൽകാനാവില്ലെന്ന കർശന നിലപാടിലാണ് രാജ്ഭവൻ. മുൻപ് തമിഴ്‌നാട്ടിൽ ഡി.എം.കെ സർക്കാരിന്റെ സത്യപ്രതിജ്ഞാ വേളയിലും രാജ്ഭവൻ ഇത്തരത്തിൽ എതിർപ്പ് അറിയിച്ചിരുന്നുവെങ്കിലും അവിടെ രാഹുൽ ഗാന്ധി വേദി പങ്കിട്ടിരുന്നു. അതേസമയം, ഒരു ഔദ്യോഗിക ഭരണഘടനാ ചടങ്ങിൽ വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള അന്തിമ അധികാരം ഗവർണർക്കാണെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ നാളത്തെ വിപുലമായ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ദേശീയ നേതാക്കളുടെയും വിവിഐപികളുടെയും സാന്നിധ്യമുള്ളതിനാൽ തലസ്ഥാന നഗരിയിൽ നാളെ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് നാല് മണി വരെ കനത്ത ഗതാഗത, സുരക്ഷാ നിയന്ത്രണങ്ങളാണ് സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് ഏർപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റിലൂടെ വിഐപികൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊതുജനങ്ങളും ക്ഷണിക്കപ്പെട്ടവരും നാളെ രാവിലെ എട്ട് മണിക്കുള്ളിൽ തന്നെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കേണ്ടതുണ്ട്. ഒമ്പത് മണിയോടെ സ്റ്റേഡിയത്തിലേക്കുള്ള റോഡുകളും ഗേറ്റുകളും പോലീസ് പൂർണ്ണമായി അടയ്ക്കും.
സ്റ്റേഡിയത്തിലേക്ക് ആകെ നാല് ഗേറ്റുകൾ വഴിയാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിനെത്തുന്നവരിൽ ഔദ്യോഗിക പാസ് ഉള്ളവർക്കായിരിക്കും ആദ്യ പരിഗണന നൽകുക, അതിനുശേഷം മാത്രമേ മറ്റുള്ളവരെ പ്രവേശിപ്പിക്കൂ. സ്റ്റേഡിയത്തിൽ നേരിട്ടെത്താൻ സാധിക്കാത്ത പൊതുജനങ്ങൾക്കായി നഗരത്തിലെ ആറ് പ്രമുഖ കേന്ദ്രങ്ങളിൽ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കാണുന്നതിനായി വലിയ എൽഇഡി വാളുകൾ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലും പ്രോട്ടോക്കോൾ ചർച്ചകൾക്കിടയിലും നടക്കുന്ന നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങിനെ അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

