കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വിഐപി ഗ്യാലറിയിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും. നിലവിൽ ഉമാ തോമസിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് എംഎൽഎ ആശുപത്രി വിടുന്നത്. ഡിസംബർ 29നായിരുന്നു ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മൃദംഗ നാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമ തോമസ് അശാസ്ത്രീയമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണത്.
ഉമ തോമസ് എംഎൽഎ നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പി വീട്ടില്‍ നിന്ന് തുടരും. എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. സ്വന്തം വീടിന്‍റെ അറ്റകുറ്റ പണികൾക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും.നാളെ വൈകുന്നേരം കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടർമാർ എംഎൽഎയ്‌ക്കൊപ്പം മാദ്ധ്യമങ്ങളെ കാണും.

