Friday, May 17, 2024
spot_img

കശ്മീരിൽ അജ്ഞാത വെളിച്ചം, ഡ്രോണെന്ന് സംശയം; തിരച്ചിൽ ഊർജിതമാക്കി സൈന്യം

കത്വ: കശ്‌മീരിലെ കത്വയില്‍ അജ്ഞാതവെളിച്ചം കണ്ടെത്തി. വെളിച്ചം കണ്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രോണിന്‍റെ വെളിച്ചമാണെന്നാണ് പ്രാഥമിക നിഗമനം. മേഖലയിലേക്ക് ആയുധങ്ങളെത്തിക്കാൻ തീവ്രവാദികള്‍ ഡ്രോണുകള്‍ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം അഞ്ച് കിലോയോളം ഐഇഡി ഡ്രോണ്‍ ഉപയോഗിച്ച് കടത്താൻ ശ്രമം നടന്നിരുന്നു. ഡ്രോണ്‍ പോലീസ് വെടിവച്ചിട്ടെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഈ മാസം ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ വെളിച്ചം കാണുന്നത്. ജൂലൈ 13നും 14നും ഇടയില്‍ സമാനരീതിയില്‍ വെളിച്ചം കാണുകയും, ആ സ്ഥലത്തേക്ക് സൈന്യം വെടിയുതിർക്കുകയും ചെയ്‌തിരുന്നു. പക്ഷേ ഒന്നും കണ്ടെത്തായിരുന്നില്ല. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന അർനിയ മേഖലയിലായിരുന്നു സംഭവം നടന്നത്.വീണ്ടും സമാനമായ രീതിയിൽ വെളിച്ചം കണ്ടതോടെ പ്രദേശത്ത് കൂടുതൽ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് സൈന്യം.

എന്നാൽ അതിർത്തിയിൽ ഡ്രോൺ കണ്ടെത്തൽ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. ജൂലൈ 21ന് കശ്‌മീരിലെ സത്‌വാരിയിലും, ജൂലൈ 16ന് ജമ്മു എയര്‍ ബെയ്സിന് സമീപവും ഡ്രോണ്‍ കണ്ടെത്തിയിരുന്നു.
അതേസമയം ജൂൺ 27ന് ജമ്മു വ്യോമത്താവളത്തിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിനു ശേഷം പ്രദേശം കനത്ത ജാഗ്രതയിലാണ്. ഡ്രോണുകൾ വിൽക്കുന്നതിനും, വാങ്ങുന്നതിനും വിലക്കുണ്ട്.

എൻഎസ്‌ജി കമാൻഡോകളെയും മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ നീക്കവും, നുഴഞ്ഞുകയറ്റവും കണ്ടെത്താൻ അതിർത്തിയിൽ നിരീക്ഷണ സംവിധാനം സജ്ജമാക്കിയതായി പോലീസ് അറിയിച്ചു. സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ രാജ്യത്ത് ഭീകരാക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ദിവസമായ ഓഗസ്റ്റ് 5-ന് ഭീകരാക്രമണ സാധ്യതകളുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. കശ്മീരിൽ മൂന്ന് ജില്ലകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles