Sunday, May 5, 2024
spot_img

കോൺഗ്രസിൽ നിങ്ങൾക്ക് ഒരുകാലത്തും അംഗീകാരം കിട്ടാൻ പോകുന്നില്ല, പ്രവർത്തനങ്ങൾ മാനിക്കപ്പെടുന്ന പ്രസ്ഥാനമാണ് ബിജെപി; മുതിർന്ന കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ ഇനി ബിജെപിയിൽ

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് മുൻ ഉപാദ്ധ്യക്ഷനായിരുന്ന മാർവ, മൂന്ന് തവണ എം എൽ എ ആയിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ദേയുടെ സാന്നിദ്ധ്യത്തിലായിരുന്നു മാർവയുടെ പാർട്ടി പ്രവേശനം. ബിജെപിയിൽ ചേർന്ന ശേഷം പാർട്ടി ആസ്ഥാനത്ത് എത്തിയ അദ്ദേഹം ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.
മാർവ പാർട്ടി വിട്ടത് കോൺഗ്രസിലെ കുടുംബവാഴ്ചയ്‌ക്കെതിരെ രൂക്ഷവിമർശനം നടത്തിയാണ്. പാർട്ടിക്ക് വേണ്ടി എല്ലാം മറന്ന് പ്രവർത്തിക്കുന്ന സാധാരണക്കാരെ നേതൃത്വം അവഗണിക്കുകയാണ്. നെഹ്‌റു കുടുംബത്തിന്റെ അടിമകളെയാണ് അവർക്ക് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

യാതൊരു വിശ്വാസ്യതയോ ജനപിന്തുണയോ ഇല്ലാത്ത വ്യക്തികൾക്ക് കോൺഗ്രസ് നേതൃത്വം അനർഹമായ അംഗീകാരങ്ങൾ നൽകി വില കളയുകയും കളയിക്കുകയും ചെയ്യുകയാണ്. ഇനിയും ഈ പാർട്ടിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും മാർവ പറഞ്ഞു. ജി23 നേതാക്കളോടും കോൺഗ്രസ് വിട്ട് പുറത്തു വരാൻ താൻ അഭ്യർത്ഥിക്കുകയാണ്. കോൺഗ്രസിൽ നിങ്ങൾക്ക് ഒരുകാലത്തും അംഗീകാരം കിട്ടാൻ പോകുന്നില്ല. പ്രവർത്തനങ്ങൾ മാനിക്കപ്പെടുന്ന പ്രസ്ഥാനമാണ് ബിജെപി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജി23 എന്ന് വിശേഷിപ്പിക്കുന്നത് കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട മുതിർന്ന നേതാക്കളെയാണ് . ശശി തരൂർ, ഗുലാം നബി ആസാദ്, മണി ശങ്കർ അയ്യർ, മനീഷ് തിവാരി എന്നീ പ്രമുഖ നേതാക്കൾ ജി23ൽ ഉൾപ്പെടുന്നവരാണ്. അടുത്തിടെ ജി23ൽ ഉൾപ്പെട്ടിരുന്ന മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടിരുന്നു.

Related Articles

Latest Articles