Sunday, October 25, 2026

‘സെങ്കനി, റൊമ്പ സൂപ്പറാ ഇറുക്ക്’; ലിജോമോള്‍ക്ക് ജ്യോതികയുടെ പ്രശംസ; ലിജോമോളെയും രജിഷ വിജയനെയും നെഞ്ചോട് ചേർത്ത് തമിഴികം

ലിജോമോളും രജിഷ വിജയനും, ഇവര്‍ രണ്ട് പേരും മലയാളികളാണ്. നാലഞ്ച് വര്‍ഷമായി നമുക്ക് മുന്നിലുമുണ്ട്. പക്ഷെ ഇവരുടെ കഴിവിനെ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ തമിഴ് സിനിമയും അവിടുത്തെ അണിയറ പ്രവര്‍ത്തകരും വേണ്ടി വന്നു എന്നുള്ളതാണ്.

ജയ് ഭീം എന്ന ഒരൊറ്റ പടം കൊണ്ട് തലവര മാറാന്‍ പോകുന്ന മികച്ച രണ്ട് അഭിനേതാക്കളാണ് ഇവർ. ജയ് ഭീമിലെ സെങ്കനിയായി ജീവിച്ചു തീര്‍ത്ത ലിജോമോളുടെ പെര്‍ഫോമൻസിനു ഒരു ദേശീയ അവാര്‍ഡ് കൊടുത്താല്‍ മാത്രമേ നമ്മള്‍ പ്രേക്ഷകര്‍ക്ക് തൃപ്തിയാകൂ. ഔട്ട്സ്റ്റാന്റിങ് എന്ന് പറഞ്ഞു പോയാല്‍ അത് കുറഞ്ഞു പോകും.സിനിമ കണ്ടു കഴിയുമ്പോള്‍ സെങ്കനിയും ലിജോമോളും പ്രേക്ഷകന്റെ കൂടെ പോരും.

മാത്രമല്ല കര്‍ണന്‍ പോലുള്ള മികച്ച ചിത്രത്തിലെ നായിക വേഷത്തിലൂടെ തമിഴില്‍ അരങ്ങേറിയ രജിഷ വിജയന്‍ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ നായിക അല്ലാതിരുന്നിട്ടും ആ കഥയുടെയും സിനിമയുടെയും പ്രാധാന്യം മനസ്സിലാക്കി തനിക്ക് ലഭിച്ച മൈത്രേയ എന്ന കഥാപാത്രമായി പകര്‍ന്നാടിയിരിക്കുന്നു. തനിക്ക് ലഭിച്ച കുറഞ്ഞ സ്ക്രീന്‍ സ്പെയ്സില്‍ രജിഷയും നന്നായി സ്കോര്‍ ചെയ്തു. വരും നാളുകള്‍ ഇവരുടേത് കൂടെയാണ് എന്നാണ് സിനിമാലോകവും പറയുന്നത്.

അതേസമയം സൂര്യക്കൊപ്പം ‘ജയ് ഭീം’ എന്ന സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി ലിജോമോള്‍ ഇപ്പോൾ. സിനിമ മേഖലയില്‍ നിന്നുള്ളവരും പ്രേക്ഷകരും തന്നെ അഭിനന്ദിക്കാന്‍ വിളിക്കുന്നുണ്ടെന്നും വലിയ സന്തോഷം തോന്നുന്നെന്നും ലിജോമോള്‍ പറഞ്ഞു.

നടി ജ്യോതികയുടെ വീഡിയോ സന്ദേശം തന്നെ ഞെട്ടിച്ചെന്നും ഏറെ സന്തോഷം തോന്നിയ അഭിനന്ദനം അതാണെന്നും ലിജോമോള്‍ പറഞ്ഞു. തന്റെ വിവാഹദിവസം ഒരു അപ്രതീക്ഷിത സമ്മാനമെന്ന പോലെയാണ് സെങ്കനിയെ പ്രശംസിച്ചുള്ള ജ്യോതികയുടെ വീഡിയോ സന്ദേശം തനിക്ക് ലഭിച്ചതെന്നും ലിജോമോള്‍ പറഞ്ഞു.

Related Articles

Latest Articles