Sunday, September 20, 2026

എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഏഴു ദിവസം ഹോം ക്വാറന്‍റീന്‍; നിരീക്ഷണം കടുപ്പിച്ച് കേരളം; നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ (Omicron) കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച് കേരളം. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സ്വയം നിരീക്ഷണം എന്ന വ്യവസ്ഥമാറ്റി. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ടാം ദിവസം ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. പരിശോധനയില്‍ നെഗറ്റീവ് ഫലം വന്നാല്‍ തുടര്‍ന്നുള്ള ഏഴ് ദിവസങ്ങളില്‍ സ്വയം നിരീക്ഷണം നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റൈന്‍ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles