തൊടുപുഴ: പൈനാവ് എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയാണ് അറസ്റ്റിലായത്.
പ്രതിയെ ബസ് യാത്രയ്ക്കിടയിലാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. കോളജ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണു ധീരജിന് കുത്തേറ്റത്. ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു.
കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ധീരജിനെ കുത്തിയതെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചിരുന്നു. ചങ്കിലും നെഞ്ചിനുമാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ കുത്താണ് മരണത്തിന് കാരണമായത്. ഉടനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നാലെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.
അതേസമയം എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ. ധീരജ് രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചിട്ടുണ്ട്.

