Wednesday, October 7, 2026

ദുൽഖർ ചിത്രം ‘സല്യൂട്ട്’: റിലീസ് മാറ്റി ; നിരാശയിൽ ആരാധകർ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം വലിയ ചർച്ചകൾക്കാണ് ഇടയാക്കിയത്. ബോബി- സഞ്ജയ് ആണ് തിരക്കഥ എന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ‘മുംബൈ പൊലീസി’നു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറിയാണ് സല്യൂട്ട്. മാത്രമല്ല റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് അഭിനയിക്കുന്നത്.

ഇപ്പോഴിതാ സല്യൂട്ടിന്റെ റിലീസ് മാറ്റിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യം പരി​ഗണിച്ചാണ് തീരുമാനം. എത്രയും പെട്ടെന്ന് ചിത്രം റിലീസിനെത്തിക്കാൻ ശ്രമിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ദുൽഖർ പറഞ്ഞു.

2022 ജനുവരി 14ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് നായിക. ചിത്രത്തിൽ മനോജ് കെ ജയൻ മറ്റൊരു സുപ്രധാന വേഷത്തില്‍ എത്തുന്നു. അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, കലാസംവിധാനം സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ സി രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, പിആർഒ മഞ്ജു ഗോപിനാഥ്. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മാണം.

ദുൽഖർ സൽമാന്റെ വാക്കുകൾ ഇങ്ങനെ…

വേഫെറർ ഫിലിംസ് വ്യക്തിപരമായ താൽപ്പര്യങ്ങളേക്കാൾ ഉപരിയായി സാമൂഹിക ഉത്തരവാദിത്തം കാണിക്കാൻ ബാധ്യസ്ഥരാണ്. നിങ്ങളെ എല്ലാവരെയും പോലെ, ഞങ്ങളും ഞങ്ങളുടെ അടുത്ത റിലീസിനായി ഏറ്റവും ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയായിരുന്നു. സമീപകാല സംഭവവികാസങ്ങളും കോവിഡ് -19, ഒമിക്രോൺ കേസുകളുടെ വർദ്ധനവും കാരണം, “സല്യൂട്ട്” റിലീസ് മാറ്റിവയ്ക്കാനുള്ള പ്രയാസകരമായ തീരുമാനമാണ് ഞങ്ങൾ എടുത്തത്. ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്നാൽ ഇത്തരം സമയങ്ങളിൽ നാം ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണം. എല്ലാവരും സുരക്ഷിതരായിരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ മടങ്ങിവരും. ഏറ്റവും നേരത്തെ, നിങ്ങളുടെ പിന്തുണയ്ക്ക് ഞങ്ങൾ ഓരോരുത്തർക്കും നന്ദി പറയുന്നു.

Related Articles

Latest Articles