Friday, October 9, 2026

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് ചിങ്ങം ഒന്നിന്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുള്ള നറുക്കെടുപ്പ് ചിങ്ങം ഒന്നിന് നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. തുലാം ഒന്നിന് നടത്താനിരുന്ന നറുക്കെടുപ്പ് നേരത്തെയാക്കണമെന്ന സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കണക്കിലെടുത്താണ് ദേവസ്വം ബെഞ്ച് അനുമതി നല്‍കിയത്. മേൽശാന്തി നിയമന നടപടികളുടെ മേൽനോട്ടത്തിനായി ജസ്റ്റിസ് ആർ. ഭാസ്കരനെ നിരീക്ഷകനായി കോടതി നിയോഗിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തിമാര്‍ക്ക് തുലാം ഒന്നു മുതല്‍ ഒരു മാസത്തേക്ക് പൂജാ വിധികളില്‍ പരിശീലനം നല്‍കും. നിലവിലെ മേല്‍ശാന്തിമാരുടെ നേതൃത്വത്തിലാണ് പരിശീലനം. ഇക്കാര്യത്തില്‍ ശബരിമല തന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു.

35നും 60നും മധ്യേ പ്രായമുള്ള മലയാള ബ്രാഹ്മണരിൽ നിന്നാണ് മേൽശാന്തി നിയമനത്തിനുള്ള അപേക്ഷ സ്വീകരിച്ചത്. 2 നേരം നട‌ തുറക്കുന്നതും 3 പൂജകൾ ഉള്ളതും പൊതുജനത്തിന് ദർശന അവസരം ഉള്ളതുമായ ക്ഷേത്രങ്ങളിൽ തുടർച്ചയായി 10 വർഷം മേൽശാന്തിയായി ജോലി നോക്കിയവർക്കായിരുന്നു അർഹത. സന്നിധാനത്തേക്ക് 67, മാളികപ്പുറത്തേക്ക് 47 അപേക്ഷകളാണ് ലഭിച്ചത്. ദേവസ്വം വിജിലൻസ് വിഭാഗം ഇവ പരിശോധിച്ചു. അഭിമുഖത്തിലൂടെ ഇവരിൽനിന്ന് 10 പേർ വീതമുള്ള പാനൽ തയാറാക്കും. ഇതിൽ നിന്നാണ് സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുക.

Related Articles

Latest Articles