Tuesday, October 27, 2026

അറസ്റ്റ് ഭയന്ന് സിദ്ദിഖ് ഒളിത്താവളത്തിൽ ! രാപ്പകല്‍ തിരഞ്ഞിട്ടും കണ്ടെത്താനാകാതെ അന്വേഷണസംഘം; നടനെ പിടികൂടാത്തതിൽ വ്യാപക വിമർശനം

കൊച്ചി: ബലാൽസംഗക്കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ സിദ്ദിഖിനെ ഒരു പകലും രാത്രിയും പിന്നിട്ടിട്ടും കണ്ടെത്താനാകാതെ അന്വേഷണസംഘം. പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തെരച്ചിൽ തുടരുകയാണ്. പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പോലീസ് അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും സിദ്ദിഖിന്റെ പൊടിപോലും കിട്ടിയില്ല. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അർദ്ധരാത്രിയും തുടർന്നു.

അതിനിടെ പ്രതിയെ രക്ഷപെടാൻ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ഗുരുതരകുറ്റകൃത്യത്തിൽ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലർത്തുന്നതെന്നാണ് ആരോപണം. അതേസമയം, കേസിൽ ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകർപ്പും കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും.

Related Articles

Latest Articles