Saturday, September 19, 2026

കൈവശമുള്ള തെളിവുകൾ കൈമാറി !ലൈംഗികാതിക്രമക്കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സിദ്ദിഖ് ; നടൻ അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ

ദില്ലി: യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടന്‍ സിദ്ദിഖ്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായിയെന്നും പോലീസ് ആവശ്യപ്പെട്ടതിൽ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നുമാണ് സത്യവാങ്മൂലത്തില്‍ സിദ്ദിഖ് പറയുന്നത്. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചത്.

പഴയ ഫോണുകൾ തന്‍റെ കൈയിൽ ഇല്ലെന്നും നടൻ സത്യവാങ്മൂലത്തില്‍ പറയുന്നു. ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും പോലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടർന്നുവെന്നും ഇത് സംബന്ധിച്ച് താൻ പരാതി നൽകിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഈ പരാതിയിൽ പൊലീസ് നൽകിയ രേഖാമൂലമുള്ള മറുപടിയും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

എന്നാൽ, സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പലതും മറന്ന് പോയെന്ന ഉത്തരമാണ് പ്രതി നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും സംസ്ഥാന സർക്കാർ പറയുന്നു.

Related Articles

Latest Articles