Wednesday, May 15, 2024
spot_img

വേദിയിൽ പാടുന്നതിനിടെ കുഴഞ്ഞ് വീണു; ഗായകൻ ഇടവ ബഷീർ അന്തരിച്ചു

ആലപ്പുഴ: പ്രശസ്ത ഗായകൻ ഇടവ ബഷീർ അന്തരിച്ചു. ഗാനമേളകളെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച ഗായകനായിരുന്നു അദ്ദേഹം. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ്ണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെ അദ്ദേഹം നെഞ്ചുവേദന വന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാതിരപ്പള്ളിയിൽ നടന്ന ആഘോഷവേദിയിൽ നിന്ന് അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോലീസ് എത്തിച്ചെങ്കിലും അൽപസമയത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ഇടവ ബഷീറിന്റെ ജനനം. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം മാറ്റി. പത്തുവരെ പട്ടത്താനം ക്രിസ്തുരാജ് സ്കൂളിൽ പഠിച്ചു. സംഗീതത്തോട് മനസ്സിൽ നിറയെ ഇഷ്ടം സൂക്ഷിച്ച ആ മനുഷ്യൻ സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു സംഗീതം പഠിച്ചു.

1972ൽ ഗാനഭൂഷണം പാസായി. ‌അക്കാദമിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ ഗാനമേളകളിൽ പാടാൻ പോകുമായിരുന്നു. നടി മല്ലിക സുകുമാരനൊപ്പം ഒട്ടനവധി വേദികളിൽ ഒരുമിച്ച് പാടിയിട്ടുണ്ട്. കേരളത്തിലുടനീളവും ഇന്ത്യയ്ക്കകത്ത് പല സംസ്ഥാനങ്ങളിലും കൂടാതെ അമേരിക്ക, കാനഡ, സൗദി, യുഎഇ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഗാനമേള വേദികളില്‍ നിറഞ്ഞുനിന്നിരുന്ന ബഷീര്‍, സിനിമകളിലും പാടിയിട്ടുണ്ട്. ‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടിയത് ബഷീറാണ്. 1978ൽ ‘രഘുവംശം’ എന്ന സിനിമയിൽ എ.ടി.ഉമ്മറിന്റെ സംഗീത സംവിധാനത്തിൽ എസ്.ജാനകിയോടൊത്ത് ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് കാലുകുത്തിയത്. തുടർന്നും സിനിമയിൽ അവസരങ്ങൾ വന്നെങ്കിലും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഗാനമേളകളിൽ നിന്നും വിട്ടുനിൽക്കാനാകാത്തതിനാൽ അതൊക്കെ നിരസിക്കുകയായിരുന്നു.

Related Articles

Latest Articles