Tuesday, May 7, 2024
spot_img

കോഴിക്കോട് മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പ്രതിചേർത്തു; ഇതോടെ കേസിലെ പ്രതികളുടെ എണ്ണം ഏഴായി

കോഴിക്കോട്: മെഡിക്കൽ കോളേജിലെ സുരക്ഷ ജീവനക്കാരെ മർദ്ദിച്ച കേസിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പ്രതിചേർത്തു. ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി അശ്വിൻ, സജിൽ മഠത്തിൽ, രാജേഷ്, നിഖിൽ, ഷബീർ, ജിതിൻ രാജ് എന്നിവരെയാണ് പോലീസ് പ്രതി ചേർത്തത്. ഡിവൈഎഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ അരുണിനെ നേരത്തെ പ്രതി ചേർത്തിരുന്നു. ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് കേസിൽ ഇതുവരെ പ്രതിചേർത്തത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം രാവിലെ അക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസ്സിലായിരുന്നു. എന്നാല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടി വൈകുന്നതില്‍ പ്രതിഷേധം കടുത്തതോടെ മെഡിക്കല്‍ കോളേജ് പൊലീസ് അരുണിനെ പ്രതി ചേര്‍ത്തത്.

അരുണുള്‍പ്പെടെ പതിനാറ് പേര്‍ക്കെതിരെയായിരുന്നു കേസ്. ആശുപത്രി സുരക്ഷാ നിയമം, അന്യായമായി സംഘം ചേരല്‍, മര്‍ദ്ദനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. അതേ സമയം പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. അക്രമത്തിന്‍റെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകനായ പി ഷംസുദ്ധീനെ മർദ്ദിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം സുരക്ഷാ ജീവനക്കാര്‍ അപമര്യാദയമായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles