Monday, April 29, 2024
spot_img

സുരേഷ്‌ഗോപിയുടെ അഭ്യർത്ഥന; കേന്ദ്രമന്ത്രി സ്മൃതി ഇറാനി മറ്റന്നാൾ കേരളത്തിലേക്ക്, വയനാട്ടിലെ ആദിവാസി ഊരുകൾ സന്ദർശിക്കും

ദില്ലി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി കേരളത്തിൽ മറ്റന്നാൾ എത്തും. അമേഠിയയിലെ എതിരാളിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ മണ്ഡലമായ വയനാട്ടിലാണ് സ്മ്യതി ഇറാനി എത്തുന്നത്.
വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് സ്മൃതി എത്താൻ പോകുന്നത്.

മെയ് മൂന്നിന് രാവിലെ 10ന് വയനാട് കലക്ടറേറ്റില്‍ നല്‍കുന്ന സ്വീകരണത്തിനുശേഷം കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ആസ്പിരേഷനല്‍ ജില്ലാ അവലോകന യോഗത്തിലാണ് പങ്കെടുക്കുന്നത്. 12 മണിക്ക് കല്‍പ്പറ്റ നഗരസഭയിലെ മരവയല്‍ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയും സന്ദർശിക്കും. തുടര്‍ന്ന് ഒന്നാം വാര്‍ഡിലുള്ള പൊന്നട അംഗന്‍വാടി സന്ദര്‍ശിക്കും. ഉച്ചക്ക് ഒരു മണിയോടെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മിച്ച വരദൂര്‍ സ്മാര്‍ട്ട് അംഗന്‍വാടി സന്ദര്‍ശിക്കും.

വൈകീട്ട് 3.40ന് കല്‍പറ്റ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ പത്ര സമ്മേളനം നടത്തും. തുടര്‍ന്ന് മന്ത്രി കോഴിക്കോട്ട് എത്തി ദല്‍ഹിയിലേക്ക് തിരിക്കും. സുരേഷ് ഗോപി എംപിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മന്ത്രി ആദിവാസികളുടെ ദുരിതം നേരിട്ടറിയാന്‍ വയനാട്ടിൽ എത്തുന്നത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍ കേന്ദ്രം സംഘത്തെ നിയോഗിക്കും. കഴിഞ്ഞമാസം ഈ വിഷയം രാജ്യസഭയില്‍ സുരേഷ് ഗോപി ഉന്നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് സുരേഷ്‌ഗോപി എംപിക്ക് ഇതുസംബന്ധിച്ചു ഉറപ്പു ലഭിക്കുകയായിരുന്നു.

കഴിഞ്ഞ മാസം സുരേഷ് ഗോപി വയനാട്ടിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചിരുന്നു. നിലമ്പൂര്‍ നഞ്ചങ്കോട് പാത പദ്ധതി നടപ്പിലാകുമെന്നും, വയനാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും കേരളത്തിലെ ഭരണകൂടം വയനാടിനെ വളരാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles