കൊച്ചി; കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായ നവദമ്പതികള്‍ ആശുപത്രിയില്‍. രൂക്ഷമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം കൂടിയ സാഹചര്യത്തിലാണ് ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വധുവിന് പ്രായക്കൂടുതലാണെന്ന് പറഞ്ഞാണ് കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച്‌ വരന്‍ വിവാഹം കഴിച്ചതാണെന്നും ആയിരുന്നു ദുഷ്പ്രചാരണം.

സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണവും സൈബര്‍ ആക്രമണവും കാരണമുണ്ടായ മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അനൂപിന്റെ അച്ഛന്‍ ബാബു പറഞ്ഞു. കുടുംബത്തിലെല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണത്തിനെതിരേ അനൂപും ജൂബിയും സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. തങ്ങളെ വേട്ടയാടിയവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇരുവരും.