Friday, May 3, 2024
spot_img

ശത്രുക്കളെ വിറപ്പിച്ച ഛത്രപതി ശിവജി മഹാരാജ് ഇനി സൈനികർക്ക് ആത്മവീര്യമേകും; നിയന്ത്രണ രേഖയിൽ പ്രതിമകൾ ഉയരുന്നു; അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ കോട്ടകളിൽ നിന്നുള്ള മണ്ണ് ഭൂമി പൂജയ്ക്കായി എടുക്കും

ദില്ലി :ഇന്ത്യ-പാകിസ്ഥാൻ നിയന്ത്രണരേഖയ്ക്ക് സമീപം ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ എൻജിഒ ആയ ‘ആംഹി പുനേക്കർ’ (വീ പുണേക്കർ) അറിയിച്ചു.

ശത്രുക്കളോട് പോരാടുന്ന സൈനികർക്ക് ഛത്രപതി ശിവാജി മഹാരാജിന്റെ ആദർശവും ധാർമ്മികവുമായ മൂല്യങ്ങളാൽ പ്രചോദനമുൾക്കൊള്ളാനാകുമെന്നും ശത്രുക്കൾക്കെതിരെ വർധിത വീര്യത്തോടെ പോരാടാനുള്ള കരുത്ത് നേടാനാകുമെന്നും എൻജിഒ അധികൃതർ അറിയിച്ചു.

ഇതിനായുള്ള പ്രാരംഭ പ്രവത്തനങ്ങൾ ആംഹി പുനേക്കർ എൻജിഒ ആരംഭിച്ചു കഴിഞ്ഞു. കശ്മീരിലെ കിരൺ, താങ്ധർ-തിറ്റ്വാൾ താഴ്‌വരകളിൽ രണ്ടിടങ്ങളിൽ നിയന്ത്രണരേഖയിലാകും പ്രതിമ ഉയരുക.

കശ്മീരിലെ കുപ്‌വാര ജില്ലാ കളക്ടർ ഡോ.സാഗർ ദത്താത്രേയ ദോയ്‌ഫോഡിന്റെ അനുമതിയോടെയാണ് പ്രതിമ സ്ഥാപിക്കുന്നത്. ഛത്രപതി ശിവജി മഹാരാജ് അടകേപർ സ്മാരക സമിതി തലവൻ അഭയ്‌രാജ് ഷിറോളും ‘വീ പുനേക്കർ’എൻജിഒ പ്രസിഡന്റ് ഹേമന്ത് ജാദവും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.

പ്രതിമ സ്ഥാപിക്കുന്നതിനായുള്ള ഭൂമി പൂജ മാർച്ച് അവസാനത്തോടെ നടത്തുമെന്ന് ഹേമന്ത് ജാദവ് വ്യക്തമാക്കി. ശിവജിയുടെ കാൽപ്പാടുകളാൽ പുണ്യമായി മാറിയ റായ്ഗഡ്, തോരണ, ശിവ്നേരി, രാജ്ഗഡ്, പ്രതാപ്ഗഡ് കോട്ടകളിൽ നിന്നുള്ള മണ്ണും വെള്ളവും ആംഹി പുനേക്കർ എൻജിഒ ഭൂമി പൂജയ്ക്കായി കശ്മീരിലേക്ക് കൊണ്ടുപോകും.

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ അദ്ദേഹത്തിന്റെ ഗറില്ലാ യുദ്ധ വിദ്യകൾ പിന്തുടരുന്നുണ്ട്. ഇതിനു മുമ്പും ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമകൾ ജമ്മുകശ്മീരിൽ ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പ്രതിമകൾ 2022 ജനുവരിയിൽ മറാത്ത റെജിമെന്റ് ആണ് സ്ഥാപിച്ചത്. ഈ പ്രതിമകളിലൊന്ന് സമുദ്രനിരപ്പിൽ നിന്ന് 14800 അടി ഉയരത്തിൽ എൽഒസിക്ക് സമീപമാണ് സ്ഥാപിച്ചിട്ടുള്ളത്.

Related Articles

Latest Articles