Sunday, April 28, 2024
spot_img

പട്ടാപ്പകൽ അച്ഛനമ്മമാരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസ്; തൃശൂരിൽ ഒളിവിൽ പോയ മകൻ അനീഷ് കീഴടങ്ങി; കൊലയ്ക്ക് കാരണം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ: തൃശ്ശൂർ ഇഞ്ചക്കുണ്ടില്‍ അച്ഛനമ്മമാരെ പട്ടാപ്പകൽ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കീഴടങ്ങി. തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസിലാണ് ഇഞ്ചക്കുണ്ട് സ്വദേശി മകൻ അനീഷ് കീഴടങ്ങിയത്. പുലര്‍ച്ചെ രണ്ടുമണിക്ക് കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പോലീസ് സ്റ്റേഷനിലെത്തിയ അനീഷ് പാറാവു നിന്ന പോലീസുകാരനോട്, താനാണ് അമ്മയെയും അച്ഛനെയും കൊന്ന കേസിലെ പ്രതി എന്നറിയിച്ചു. തുടർന്ന്, പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും മേലുദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതി കൊടുങ്ങല്ലൂരിലേക്ക് ബൈക്കിൽ പോകുകയും അവിടെ നിന്ന്, ബസ്സിൽ തിരുവനന്തപുരത്തു പോകുകയുമായിരുന്നു. പിന്നീട്, ഇവിടെനിന്നും ഇയാൾ ട്രെയിനിൽ വീണ്ടും തൃശ്ശൂരിൽ എത്തുകയായിരുന്നു. സ്വത്തു സംബന്ധിച്ചുള്ള തർക്കമാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വീടും വസ്തുവും എഴുതി തരണമെന്ന ആവശ്യം മാതാപിതാക്കൾ നിഷേധിക്കുകയായിരുന്നു എന്നാണ്, ഇയാൾ പോലീസിനോട് പറഞ്ഞത്. കൊലയ്‌ക്ക് പിന്നാലെ ഒളിവിൽ പോയ അനീഷിനെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു

അറുപതുകാരനായ സുബ്രമണ്യൻ (കുട്ടൻ), അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് മകന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ഞായറാഴ്ച വീട്ടുമുറ്റത്ത് ചെറിയ കുഴിയെടുത്ത് ചന്ദ്രിക മാവിന്‍തൈ നട്ടു. അതു കണ്ട് കുപിതനായി വന്ന അനീഷ് അത് പറിച്ചെറിഞ്ഞു. ഇതോടെ അമ്മയും മകനും തമ്മില്‍ വഴക്കായി. വഴക്ക് രൂക്ഷമാകുന്നത് തടയാന്‍ അച്ഛന്‍ സുബ്രഹ്മണ്യനും മുറ്റത്തെത്തി. ഇതോടെ കൂടുതല്‍ കോപാകുലനായ അനീഷ് അവിടെ കിടന്നിരുന്ന തൂമ്പയെടുത്ത് ഇരുവരുടെയും തലയ്ക്കടിച്ചു. പ്രാണരക്ഷാര്‍ഥം ഇരുവരും റോഡിലേക്ക് ഓടി.

എന്നാൽ ഇതിനിടെ അനീഷ് വീട്ടില്‍ കയറി അവിടെനിന്ന് വലിയ വെട്ടുകത്തിയെടുത്ത് ഇവരെ പിന്തുടർന്ന് ആക്രമിക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, റോഡിലൂടെ ഓടുകയായിരുന്ന ഇരുവരെയും വെട്ടിവീഴ്ത്തി. ചന്ദ്രികയുടെ കഴുത്ത് അറ്റുപോകാറായ നിലയിലായിരുന്നു. മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. അച്ഛന്റെ കഴുത്തിനും നെഞ്ചത്തുമാണ് വെട്ടേറ്റത്. കൂടാതെ ശരീരത്തില്‍ പലയിടങ്ങളില്‍ വെട്ടുണ്ട്. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയാണ് കുട്ടന്‍. ഇവരുടെ മകള്‍ വിവാഹ മോചിതയാണ്. കുട്ടനും അനീഷും തമ്മിലെ തര്‍ക്കം പലപ്പോഴും പോലീസിന് മുമ്പ് എത്തിയിരുന്നു

Related Articles

Latest Articles